മഹാരാഷ്ട്രയിൽ എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച് തീരുമാനം വൈകുന്നു; സ്പീക്കർക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി
ശിവസേന വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ എംഎല്‍എമാരുടെ അയോഗ്യതയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ വൈകുന്നതില്‍ മഹാരാഷ്ട്ര സ്പീക്കറെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ അനുസരിച്ചുള്ള നടപടികള്‍ സ്പീക്കര്‍ക്ക് അനിശ്ചിതകാലത്തേക്ക് വൈകിപ്പിക്കാനാകില്ല. കോടതിയുടെ നിര്‍ദേശങ്ങളോട് ബഹുമാനം പുലര്‍ത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അയോഗ്യതയുമായി ബന്ധപ്പെട്ട പരാതി വേഗത്തില്‍ തീര്‍പ്പാക്കാന്‍ മെയ് 11-ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്തുകൊണ്ടാണ് സ്പീക്കര്‍ ഈ ഉത്തരവ് വൈകിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഏക്‌നാഥ് ഷിന്ദേയ്‌ക്കൊപ്പം പോയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ശിവസേന ഉദ്ധവ് വിഭാഗമാണ് ആദ്യം സ്പീക്കറെ സമീപിച്ചത്. പരസ്പരം അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ശിവസേനയിലെ ഇരുവിഭാഗങ്ങളുടെയും 34 ഹര്‍ജികള്‍ അപേക്ഷകള്‍ കോടതി നിരീക്ഷിച്ചു. ഈ ഹര്‍ജികള്‍ ഒരാഴ്ചക്കുള്ളിൽ സ്പീക്കര്‍ക്ക് മുമ്പാകെ ലിസ്റ്റ് ചെയ്യണമെന്നും, നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.