ഗ്യാനേഷിനെതിരെ രണ്ടാം ഘട്ട സമരം; ഡൽഹിയിൽ 'പീപ്പിൾ എഗെയിൻസ്റ്റ് എസ്.ഐ.ആർ' മാർച്ച്, പിന്തുണയുമായി കർഷകരും
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും എസ്.ഐ.ആർ (SIR) പരിഷ്കാരങ്ങൾക്കെതിരെയും പ്രതിഷേധം കടുപ്പിച്ച് 'പീപ്പിൾ എഗെയിൻസ്റ്റ് എസ്.ഐ.ആർ' ഫോറം. ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ഇന്ന് ന്യൂഡൽഹിയിൽ ജനകീയ മാർച്ച് സംഘടിപ്പിക്കും. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പ്രകാശ് രാജ്, കർഷക നേതാവ് രാകേഷ് ടിക്കായത്ത്, തുഷാർ ഗാന്ധി, സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകർ, ഐഷി ഘോഷ്, നേഹ ബോറ തുടങ്ങിയ പ്രമുഖർ മാർച്ചിന് നേതൃത്വം നൽകും.
ഡൽഹി പൊലീസ് മാർച്ചിന് അനുമതി നിഷേധിച്ചിട്ടുള്ളതിനാൽ കൊണാട്ട് പ്ലേസ് മേഖലയിൽ കടുത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജാമ്യ വ്യവസ്ഥകളുടെ പശ്ചാത്തലത്തിൽ അറസ്റ്റ് ഭീഷണി നിലനിൽക്കുന്നതിനാൽ സി.ജെ.പി (CJP) നേതാക്കൾ മാർച്ചിൽ നേരിട്ട് പങ്കെടുത്തേക്കില്ല. കർഷക സംഘടനകളും അണിനിരക്കുന്ന ജനകീയ മാർച്ചിലേക്ക് 'ഇൻഡ്യ' (INDIA) സഖ്യത്തെയും ക്ഷണിച്ചിട്ടുണ്ട്.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കേരളത്തിലും ഇന്ന് പ്രതിഷേധം ശക്തമാവുകയാണ്. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, കെ.എസ്.സി (എം), എസ്.എസ്.എ.ഐ തുടങ്ങിയ ഇടത് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ലോക് ഭവനിലേക്ക് സംയുക്ത മാർച്ച് സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്. പുതിയ കേരള ഗവർണറായി ഓം പ്രകാശ് മാതൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്ന ഇന്നുതന്നെയാണ് ലോക് ഭവനിലേക്ക് പ്രതിഷേധ മാർച്ച് എത്തുന്നത്.
