ജീവനാംശത്തെ ചൊല്ലിയുള്ള വൃദ്ധ ദമ്പതികളുടെ നിയമ യുദ്ധം; കലിയുഗം ഇങ്ങെത്തിയതായി തോന്നുന്നുവെന്ന് കോടതി
കലിയുഗം ഇങ്ങെത്തിയതായി തോന്നുന്നുവെന്ന് വാദം കേൾക്കലിനിടെ അലഹബാദ് ഹൈക്കോടതി. ജീവനാംശത്തെ ചൊല്ലിയുള്ള 80കാരന്റെയും 75കാരിയുടെയും നിയമ പോരാട്ടത്തിലാണ് കോടതി ഇങ്ങനെ പറഞ്ഞത്.
മാസം 5000 രൂപ വീതം ഭാര്യ ഗായത്രിക്ക് നൽകണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മുനീഷ് കുമാർ ഗുപ്ത സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് സൗരഭ് ശ്യാമിൻറെ ബെഞ്ചാണ് കലിയുഗ പരാമർശം നടത്തിയത്. ദമ്പതികൾ ഒത്തുതീർപ്പിലെത്തുമെന്ന പ്രതീക്ഷയിൽ അന്തിമ വാദം കേൾക്കുന്നതിനായി കോടതി ലിസ്റ്റ് ചെയ്തു.
മെഡിക്കൽ ഡിപ്പാർട്ട്മെൻറിലെ ക്ലാസ് 4 ജീവനക്കാരനായിരുന്നു മുനീഷ്. 1981ൽ ഭാര്യ ഗായത്രി ദേവിയുടെ പേരിൽ വീട് നിർമിച്ചു. മുനീഷ് വിരമിച്ച് മൂന്ന് വർഷത്തിന് ശേഷം 2008-ൽ ഗായത്രി ദേവി അവരുടെ ഇളയ മകന് വീട് നൽകി. ഇതോടെ മൂത്ത മകൻറെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടെന്ന് പറഞ്ഞ് മുനീഷ് ഗായത്രിയോട് വഴക്കുണ്ടാക്കി.
തർക്കത്തെ തുടർന്ന്, ദമ്പതികൾ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി. മുനീഷ് മൂത്ത മകനൊപ്പവും ഗായത്രി ഇളയ മകനൊപ്പവുമാണ് താമസം. അതിനിടെ ജീവനാംശം ആവശ്യപ്പെട്ട് ഗായത്രി മുനീഷിനെതിരെ കുടുംബ കോടതിയെ സമീപിച്ചു. മാസം 5000 രൂപ വീതം ഗായത്രിക്ക് നൽകാൻ കുടുംബ കോടതി ഉത്തരവിട്ടു. തുടർന്നാണ് ഉത്തരവിനെതിരെ മുനീഷ് ഹൈക്കോടതിയെ സമീപിച്ചത്.