ഗൂഗിൾ മാപ്പിട്ട് വഴി തിരഞ്ഞു ; വിദ്യാർത്ഥികൾ കൊടുംകാട്ടിൽ കുടുങ്ങി കിടന്നത് 12 മണിക്കൂർ

  1. Home
  2. National

ഗൂഗിൾ മാപ്പിട്ട് വഴി തിരഞ്ഞു ; വിദ്യാർത്ഥികൾ കൊടുംകാട്ടിൽ കുടുങ്ങി കിടന്നത് 12 മണിക്കൂർ

Google map


 

വഴിതെറ്റി കൊടുംകാട്ടിലകപ്പെട്ട അഞ്ചുവിദ്യാർഥികളെ 12 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി. ഒഡിഷയിലെ കട്ടക്കിലെ ധബലേശ്വർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോളിടെക്നിക്കിലെ വിദ്യാർഥികളെയാണ്   മണിക്കൂറുകളോളം ഏറെ നീണ്ട പരിശ്രമത്തിനൊടുവിൽ പൊലീസിന്റെയും വനം വകുപ്പിന്റെയും സംയുക്ത സംഘം രക്ഷപ്പെടുത്തിയത്.  

അർക്ഷിത മൊഹാപത്ര, ശുഭം മഹാപത്ര, ഹിമാൻഷു ദാസ്, ലക്കി ദാസ്, ധെങ്കനാലിൽ നിന്നുള്ള സുജിത് സാഹു എന്നിവരാണ് കാട്ടിൽ കുടുങ്ങിയത്. ഞായറാഴ്ചയാണ് ഇവർ  ബൈക്കിൽ  സപ്തസജ്യ ക്ഷേത്രം സന്ദർശിക്കാനായി പോയത്. രാവിലെ 11 മണിയോടെ ഇവർ  കുന്നിൻ മുകളിലുള്ള ക്ഷേത്രവും വിഷ്ണുബാബയുടെ മഠവും സന്ദർശിക്കുകയും ചെയ്തു. എന്നാൽ തിരികെ മടങ്ങുമ്പോൾ ഇവർക്ക് വഴി തെറ്റുകയായിരുന്നു. ഗൂഗിൾ മാപ്പിട്ട് വഴി തിരഞ്ഞെങ്കിലും ഇവർ കൂടുതൽ ഉൾക്കാട്ടിലേക്ക് എത്തുകയായിരുന്നു.

 തിരികെ പോകാനുള്ള വഴി പൂർണമായും ഇവരുടെ മുന്നിലടഞ്ഞു. ഒടുവിൽ ഏറെ നേരത്തെ ശ്രമത്തിന് ശേഷം വിദ്യാർഥികളിലൊരാളുടെ മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെടാനും വിവരം കൈമാറാനും കഴിഞ്ഞു. മാതാപിതാക്കളാണ് ധെങ്കനാലിലെ പൊലീസിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചത്.

ധെങ്കനാൽ ഡിഎഫ്ഒ സുമിത് കറും എസ്ഡിപിഒ ബിഭൂതി മൊഹപത്രയും സപ്തസജ്യയിലെത്തുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.കനത്ത മഴയും ഇരുട്ടും തിരച്ചിൽ കൂടുതൽ ദുഷ്‌കരമാക്കി. രാത്രി 11 മണിയോടെയാണ് വിദ്യാർഥികളെ കണ്ടെത്താനായത്. പുലർച്ചെ 1.30ഓടെയാണ് വിദ്യാർഥികളുമായി പൊലീസ് മലമുകളിൽ നിന്ന് തിരിച്ചിറങ്ങി.   രക്ഷപ്പെടുത്തിയ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമായതിനാൽ പ്രാഥമിക പരിശോധനക്ക് ശേഷം ഇവരെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.