സ്വയംപ്രഖ്യാപിത മാധ്യമപ്രവർത്തകർക്ക് അംഗീകൃത മാധ്യമപ്രവർത്തകരുടെ പരിരക്ഷ ലഭിക്കണമെന്നില്ല; സുപ്രീം കോടതി
പ്രതിഷേധ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വേളയിൽ സ്വയംപ്രഖ്യാപിത മാധ്യമപ്രവർത്തകർക്ക് അംഗീകൃത മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന അതേ തലത്തിലുള്ള സംരക്ഷണം ലഭിക്കണമെന്നില്ലെന്ന് സുപ്രീം കോടതി. ഡൽഹിയിലെ പ്രതിഷേധങ്ങൾക്കിടെ മാധ്യമപ്രവർത്തകർക്ക് നേരെ പൊലീസ് അതിക്രമമുണ്ടായെന്ന ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. മാധ്യമപ്രവർത്തകൻ എന്ന പദവി സ്വയം പ്രഖ്യാപിച്ച് നേടിയെടുക്കാവുന്ന ഒന്നല്ലെന്ന് കോടതി വ്യക്തമാക്കി. പ്രിന്റ് മീഡിയ, ടിവി ചാനലുകൾ, അല്ലെങ്കിൽ രജിസ്ട്രേഷനുള്ള ഓൺലൈൻ മാധ്യമങ്ങൾ എന്നിവയിലൂടെ പ്രസ് കൗൺസിൽ അക്രഡിറ്റേഷൻ ഉള്ളവരാണ് അംഗീകൃത മാധ്യമപ്രവർത്തകർ. എന്നാൽ നിലവിൽ ഓരോ വ്യക്തികളും സ്വയം മാധ്യമപ്രവർത്തകരായി അവകാശപ്പെടുന്ന സാഹചര്യമാണുള്ളതെന്നും, മാധ്യമസ്വാതന്ത്ര്യവും ക്രമസമാധാന പാലനവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ടെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തുന്ന റീൽ മേക്കർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും മാധ്യമപ്രവർത്തകർക്കുള്ള സംരക്ഷണം നൽകാനാവില്ലെന്ന നിലപാടാണ് ഡൽഹി പൊലീസും സ്വീകരിച്ചിട്ടുള്ളത്. പൊതുപ്രതിഷേധങ്ങൾക്കിടെ മാധ്യമപ്രവർത്തകരോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് വ്യക്തമായ മാർഗ്ഗരേഖ പുറപ്പെടുവിക്കുന്ന കാര്യത്തിൽ, നിയമപരമായ അവ്യക്തതകളുള്ള മേഖലകളിൽ ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ആരെയാണ് മാധ്യമപ്രവർത്തകൻ എന്ന് വിളിക്കേണ്ടത് എന്നതിന് ആദ്യം കൃത്യമായ നിർവചനം നൽകേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി. പ്രസ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവരോ അംഗീകൃത പത്ര-ദൃശ്യ മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവരോ ആണോ, അതോ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിച്ച് പൗരന്മാരുടെ വക്താക്കളാകാൻ ശ്രമിക്കുന്നവരാണോ മാധ്യമപ്രവർത്തകർ എന്ന് വ്യക്തമാകേണ്ടതുണ്ട്. സംഘർഷ മേഖലകളിൽ റെഡ് ക്രോസ് പ്രവർത്തകർക്ക് ലഭിക്കുന്ന സംരക്ഷണത്തോട് ഉപമിച്ചുകൊണ്ടാണ്, മാധ്യമപ്രവർത്തകരുടെ പദവിയും സ്വഭാവവും അനുസരിച്ചായിരിക്കും പൊലീസിന്റെ ഇടപെടലുണ്ടാവുകയെന്ന് കോടതി വ്യക്തമാക്കിയത്.
പൊലീസ് അതിക്രമം ആരോപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജി പരിഗണിക്കവെ, പൊതുപ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമപ്രവർത്തകർക്ക് പ്രത്യേക പരിഗണന ഉണ്ടോ എന്ന് കോടതി ആരാഞ്ഞു. ഏഴ് മാധ്യമപ്രവർത്തകർ നേരിട്ട ദുരനുഭവം ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തങ്ങൾ പ്രത്യേക ആനുകൂല്യങ്ങളൊന്നും ആവശ്യപ്പെടുന്നില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കിയതോടെ, തെളിവുകളുടെ അടിസ്ഥാനത്തിൽ വസ്തുതാന്വേഷണം നടത്തുന്നതിനായി വിഷയം ജസ്റ്റിസ് സുഭാഷ് റെഡ്ഢിയുടെ അധ്യക്ഷതയിൽ രൂപീകരിച്ച ഉന്നതാധികാര സമിതിക്ക് കൈമാറി. പരാതികളുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും സമിതിക്ക് മുന്നിൽ സമർപ്പിക്കാൻ കേരള പത്രപ്രവർത്തക യൂണിയനോട് കോടതി നിർദേശിച്ചു. പ്രതിഷേധസ്ഥലത്ത് മാധ്യമപ്രവർത്തകർ ഉണ്ടായിരുന്നോ, അവർക്കെതിരെ പോലീസ് ബലം പ്രയോഗിച്ചോ, അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് പൊതുസമാധാനം നിലനിർത്താൻ ആവശ്യമായ പരിധി കടന്നുള്ള നടപടിയായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വസ്തുതകൾ പരിശോധിച്ച് കണ്ടെത്തലുകൾ രേഖപ്പെടുത്താൻ സമിതിക്ക് കോടതി നിർദേശം നൽകി.
