മുപ്പതിലധികം കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ്

  1. Home
  2. National

മുപ്പതിലധികം കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ്

serial killer


മുപ്പതിൽ കൂടുതൽ കുട്ടികളെ ബലാത്സംഗം ചെയ്തുകൊന്ന സീരിയൽ കില്ലറിന് കോടതി ജീവപര്യന്തം തടവ് വിധിച്ചു. 2008നും 2015നും ഇടയിൽ ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി കൊലപാതകം നടത്തിയ രവീന്ദർ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. കൊലപാതകം, ബലാത്സംഗം എന്നിവയോടൊപ്പം ശവരതിയും ഇയാൾ ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. എട്ടു വർഷത്തോളം നീണ്ട വാദ പ്രതിവാദങ്ങൾക്കും ശേഷമാണ് ശനിയാഴ്ച ഡൽഹി കോടതി ഇയാൾക്ക് തടവുശിക്ഷ വിധിച്ചത്.

ഉത്തർ പ്രദേശിലെ കസ്ഗഞ്ജിൽ നിന്ന് 2008ൽ ഡൽഹിയിലേക്കെത്തി അവിടെ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ആളായിരുന്നു രവീന്ദർ. മയക്കുമരുന്നിന് അടിമയായിരുന്ന ഇയാൾ പോൺ സിനിമകൾ കണ്ടതിനു ശേഷം കുട്ടികളെ തെരഞ്ഞു കണ്ടുപിടിച്ച് ബലാത്സംഗം ചെയ്തതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നു. 18ആം വയസ്സ് മുതലാണ് രവീന്ദർ ഈ ക്രൂരകൃത്യം ചെയ്യാൻ തുടങ്ങുന്നത്. 

ചേരികളും കെട്ടിട നിർമാണ സ്ഥലങ്ങളിലുമായിരുന്നു ഇയാൾ കുട്ടികളെ തേടിയിരുന്നത്. ഇങ്ങനെ 40 കിലോമീറ്റർ വരെ ഇയാൾ യാത്ര ചെയ്തിട്ടുണ്ട്. 10 രൂപ നോട്ടുകളും ചോക്കലേറ്റുകളും കൊണ്ട് കുട്ടികളെ വശീകരിച്ച ശേഷം ഒറ്റപ്പെട്ട ഏതെങ്കിലും ഇടത്തേക്ക് കൊണ്ടുപോയായിരുന്നു കൃത്യം നടത്തിയിരുന്നത്. ഇയാൾ ബലാത്സംഗം ചെയ്തുകൊന്ന കുട്ടികളിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ 6 വയസുകാരിയും ഏറ്റവും പ്രായം കൂടിയ ആൾ 12 വയസുകാരിയുമായിരുന്നു.