‘എസ്.ഐ.ആറിൽ ഗുരുതര ക്രമക്കേട്’: നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി സുപ്രിംകോടതിയിൽ
തീവ്ര വോട്ടർപട്ടിക പുതുക്കൽ (SIR) നടപടികളിലൂടെ ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കിയെന്നും ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നും കാണിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുപ്രിംകോടതിയിൽ റിട്ട് ഹർജി നൽകി. എസ്.ഐ.ആർ നടപടികൾ ഉടനടി നിർത്തിവെക്കണമെന്നാണ് ഹർജിയിൽ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കും.
നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ചയ്ക്ക് രാഹുൽ ഗാന്ധി അനുമതി തേടിയിരുന്നെങ്കിലും സമാന ഹർജികൾ കോടതിയുടെ പരിഗണനയിലുള്ളതിനാൽ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. തുടർന്നാണ് നിയമപോരാട്ടത്തിന്റെ ഭാഗമായി അഭിഭാഷകർ മുഖേന രാഹുൽ ഗാന്ധി നേരിട്ട് സുപ്രിംകോടതിയെ സമീപിച്ചത്. അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാരുടെയും ഇന്ത്യ സഖ്യ നേതാക്കളുടെയും നേതൃത്വത്തിൽ ഡൽഹിയിൽ സുപ്രിംകോടതിയിലേക്ക് ബസ് മാർച്ച് തുടരുകയാണ്.
