കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും തിരിച്ചടി; ഡൽഹിയിലെ ആസ്ഥാനമൊഴിയാൻ കേന്ദ്ര സർക്കാർ നോട്ടീസ്
ഡൽഹിയിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന എഐസിസി ആസ്ഥാനവും യൂത്ത് കോൺഗ്രസ് ഓഫീസും ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നോട്ടീസ് നൽകി. ഡൽഹി അക്ബർ റോഡിലെ 24-ാം നമ്പർ കെട്ടിടവും റെയ്സിന റോഡിലെ അഞ്ചാം നമ്പർ കെട്ടിടവും മാർച്ച് 28-നുള്ളിൽ ഒഴിയണമെന്നാണ് ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് നിർദ്ദേശിച്ചിരിക്കുന്നത്. 1978 മുതൽ കോൺഗ്രസിന്റെ പ്രധാന പ്രവർത്തന കേന്ദ്രമായിരുന്ന ചരിത്രപ്രധാനമായ കെട്ടിടമാണ് അക്ബർ റോഡിലേത്.
ഐടിഒയ്ക്ക് സമീപത്തുള്ള പുതിയ ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്ക് പാർട്ടിയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾ നേരത്തെ തന്നെ മാറ്റിയിരുന്നു. എന്നാൽ 1978 മുതൽ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന അക്ബർ റോഡിലെ ഓഫീസ് കോൺഗ്രസ് നിലനിർത്തി പോരുകയായിരുന്നു. ഈ കെട്ടിടങ്ങൾ കൂടി എത്രയും വേഗം വിട്ടുനൽകണമെന്നാണ് ഇപ്പോൾ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സജീവമാകുന്നതിനിടെയുള്ള ഈ നീക്കം കോൺഗ്രസിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ നടപടി രാഷ്ട്രീയപ്രേരിതവും നിയമവിരുദ്ധവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് വേളയിൽ പാർട്ടിയെ തളർത്താനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ വികാരമുണർത്തുന്ന അക്ബർ റോഡിലെ ഓഫീസ് ഒഴിഞ്ഞുകൊടുക്കുന്ന കാര്യത്തിൽ പാർട്ടി ഹൈക്കമാൻഡ് ഉടൻ തീരുമാനമെടുത്തേക്കും.
