ഉത്തര കന്നഡയിൽ എംയുവിയും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം; രണ്ട് പേർക്ക് പരിക്ക്
ബംഗളൂരുവിൽ ഉത്തര കന്നടയില്‍ എംയുവി കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. യെല്ലാപ്പൂർ താലൂക്കിലെ അരബൈൽ ഘട്ടിൽ ദേശീയപാത 52-ൽ ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം.
ധാർവാഡ് സ്വദേശികൾ സഞ്ചരിച്ചിരുന്ന എംയുവി കാറും അങ്കോള ഭാഗത്തുനിന്നെത്തിയ ട്രക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ധാർവാഡിൽ നിന്ന് ധർമസ്ഥലയിലേക്കും ചിക്മഗളൂരുവിലേക്കും യാത്ര ചെയ്യുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ അക്ഷയ് (26), അഭിഷേക് ഈശ്വർ (28), അഭിഷേക് (27), ബസപ്പ (38), മഞ്ജുനാഥ് (33), സഞ്ജീവ് (33) എന്നിവർ മരിച്ചു. ചികിത്സയിലായിരുന്ന ഒരാൾ കൂടി പിന്നീട് മരിച്ചതായാണ് വിവരം.
കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സഞ്ജീവ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. വലത് വശത്തുകൂടി അമിത വേഗത്തിലെത്തിയ കാർ എതിർദിശയിൽ വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
