ഇന്ത്യൻ ജീവനക്കാരെ രക്ഷിച്ച ഒമാന് നന്ദി അറിയിച്ച് ശശി തരൂർ എം.പി
ഒമാൻ ഉൾക്കടലിൽ ആക്രമണത്തിനിരയായ 'എം.ടി സെറ്റെബെല്ലോ' കപ്പലിലെ 21 ഇന്ത്യൻ ജീവനക്കാരെ സാഹസികമായി രക്ഷപ്പെടുത്തിയ ഒമാൻ സുൽത്താനേറ്റിന് കോൺഗ്രസ് എം.പി ശശി തരൂർ നന്ദി അറിയിച്ചു. ഒമാന്റെ സമയബന്ധിതമായ ഇടപെടൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ തെളിവാണെന്ന് അദ്ദേഹം എക്സ് (X) അക്കൗണ്ടിൽ കുറിച്ചു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയെ ടാഗ് ചെയ്താണ് തരൂരിന്റെ പോസ്റ്റ്. അപകടത്തിൽ മരിച്ച മൂന്ന് ഇന്ത്യക്കാരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് 24 ഇന്ത്യൻ ജീവനക്കാരുള്ള കപ്പലിന് നേരെ യു.എസ് സേന വെടിയുതിർത്തത്. ഇറാനിയൻ തുറമുഖങ്ങൾക്കുള്ള ഉപരോധം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇതിനെതിരെ ന്യൂഡൽഹിയിലെ യു.എസ് എംബസി ചാർജ് ദെ അഫയേഴ്‌സ് ജേസൺ മിക്സിനെ വിളിച്ചുവരുത്തി ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. അതേസമയം, കപ്പൽ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണം ഇന്ത്യയിലെ ഇറാൻ എംബസി പൂർണ്ണമായി തള്ളി.
