രാജിവെച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിക്കും ഖാർഗെക്കും മുന്നിൽ ഡിമാന്റുകൾ നിരത്തി സിദ്ധരാമയ്യ; ഡൽഹിയിൽ നിർണ്ണായക കൂടിക്കാഴ്ച

  1. Home
  2. National

രാജിവെച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിക്കും ഖാർഗെക്കും മുന്നിൽ ഡിമാന്റുകൾ നിരത്തി സിദ്ധരാമയ്യ; ഡൽഹിയിൽ നിർണ്ണായക കൂടിക്കാഴ്ച

rahul


കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ഡൽഹിയിലെത്തി പാർട്ടി ഹൈക്കമാൻഡുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായാണ് അദ്ദേഹം ചർച്ച നടത്തിയത്. ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ വരുന്ന പുതിയ മന്ത്രിസഭയിൽ തന്റെ മകൻ ഡോ. യതീന്ദ്ര സിദ്ധരാമയ്യക്ക് സുപ്രധാന വകുപ്പ് നൽകണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളുടെ കൃത്യമായ പട്ടിക അദ്ദേഹം ഹൈക്കമാൻഡിന് മുന്നിൽ സമർപ്പിച്ചതായാണ് വിവരം.

തന്റെ മകനും എംഎൽസിയുമായ യതീന്ദ്ര സിദ്ധരാമയ്യയ്ക്ക് പുതിയ കാബിനറ്റിൽ ക്യാബിനറ്റ് പദവിയോടെ പ്രധാനപ്പെട്ട വകുപ്പ് നൽകണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. മെഡിക്കൽ വിദ്യാഭ്യാസം, പിന്നാക്ക ക്ഷേമം എന്നിവയോ അതല്ലെങ്കിൽ മുൻപ് ഡി.കെ. ശിവകുമാർ കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പോ വ്യവസായ വകുപ്പോ മകന് നൽകണമെന്നാണ് സിദ്ധരാമയ്യ ഹൈക്കമാൻഡിന് മുന്നിൽ വെച്ചിരിക്കുന്നത്. ഇതോടൊപ്പം വരാനിരിക്കുന്ന രാജ്യസഭയിലേക്കും എം.എൽ.സി സ്ഥാനങ്ങളിലേക്കുമുള്ള തന്റെ അനുയായികളുടെ ശിപാർശപ്പട്ടികയും അദ്ദേഹം പാർട്ടി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.

കർണാടകയിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ദീർഘകാല അധികാരത്തർക്കങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞത്. പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ഉടൻ ചുമതലയേൽക്കാനിരിക്കെ, പാർട്ടിയിലെ തന്റെ സ്വാധീനവും അനുയായികളുടെ സ്ഥാനമാനങ്ങളും കൃത്യമായി ഉറപ്പുവരുത്താനാണ് സിദ്ധരാമയ്യയുടെ ഈ അടിയന്തര ഡൽഹി സന്ദർശനം എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കായി ഡി.കെ. ശിവകുമാറും നിലവിൽ ഡൽഹിയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തന്നെ പുതിയ കർണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയ്ക്ക് പാർട്ടി ഹൈക്കമാൻഡ് രാജ്യസഭാ സീറ്റും ദേശീയ രാഷ്ട്രീയത്തിൽ എഐസിസി തലത്തിൽ വലിയ പദവികളും വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം അത് തത്കാലം നിരസിച്ചതായാണ് സൂചന. ഡൽഹി കേന്ദ്രീകരിച്ചുള്ള ദേശീയ രാഷ്ട്രീയത്തിലേക്ക് മാറുന്നതിനേക്കാൾ കര്‍ണാടക സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരാനാണ് സിദ്ധരാമയ്യ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നത്.