ജി.എസ്ടിയിൽ സുപ്രധാന ഇളവുകൾ: ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം ഒഴിവാക്കി; പ്രോസിക്യൂഷൻ പരിധി 5 കോടി രൂപയാക്കി

  1. Home
  2. National

ജി.എസ്ടിയിൽ സുപ്രധാന ഇളവുകൾ: ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം ഒഴിവാക്കി; പ്രോസിക്യൂഷൻ പരിധി 5 കോടി രൂപയാക്കി

nirmala sitaraman


ജി.എസ്ടി ഉദ്യോഗസ്ഥർക്കുള്ള അറസ്റ്റ് അധികാരം പൂർണ്ണമായി എടുത്തുകളയാൻ ജി.എസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനം. നികുതി എൻഫോഴ്സ്മെന്റ് നടപടികൾ കൂടുതൽ സുതാര്യവും വ്യാപാര സൗഹൃദവുമാക്കുന്നതിന്റെ ഭാഗമായാണ് 57-ാമത് ജി.എസ്ടി കൗൺസിൽ യോഗത്തിൽ ഈ തീരുമാനമെടുത്തതെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുന്നതിനുള്ള കുറഞ്ഞ തുകയുടെ പരിധി നിലവിലുള്ള 1 കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി ഉയർത്താനും യോഗം ശുപാർശ ചെയ്തു.

ജി.എസ്ടി നിയമത്തിലെ കുറഞ്ഞ ശിക്ഷയെന്ന വ്യവസ്ഥ ഒഴിവാക്കിയതാണ് മറ്റൊരു നിർണായക തീരുമാനം. കേസുകളുടെ സ്വഭാവമനുസരിച്ച് പിഴയോ തടവോ ചുമത്തുന്നതിൽ ഇനി കോടതികൾക്ക് വിവേചനാധികാരമുണ്ടാകും. പ്രത്യേക പിഴയില്ലാത്ത നിയമലംഘനങ്ങൾക്കുള്ള പിഴ 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറയ്ക്കുകയും ചെയ്തു. റിട്ടേൺ വൈകൽ, തെറ്റുകൾ സംഭവിക്കൽ, കുടിശ്ശിക തുടങ്ങിയവയ്ക്ക് ഇനി തുകയും പലിശയും ആനുപാതിക പിഴയും മാത്രം ഈടാക്കും. വ്യാജ ക്രെഡിറ്റുകൾ കണ്ടെത്താനുള്ള സാങ്കേതിക മുന്നേറ്റമാണ് ഈ പരിഷ്കാരങ്ങൾക്ക് വഴിതുറന്നത്.

ജിഎസ്ടി കൗൺസിൽ യോഗത്തിലെടുത്ത മറ്റ് നിർണായക തീരുമാനങ്ങൾ

  • 10,000 രൂപയിൽ താഴെയുള്ള തുകകൾക്ക് ഇനി നോട്ടീസുകൾ അയയ്ക്കില്ല ,റിട്ടേണുകളിലെ വ്യത്യാസങ്ങൾ കാരണം പുറപ്പെടുവിക്കുന്ന നോട്ടീസുകളിൽ ഭൂരിഭാഗവും ഡാറ്റാ എൻട്രി തെറ്റുകൾ മാത്രമാണെന്നും ഇവയിലൂടെ ലഭിക്കുന്നത് 0.08% തുക മാത്രമാണെന്നും കൗൺസിൽ നിരീക്ഷിച്ചു.
  • ശരിയായ ഇൻവോയ്സ് കൈവശമുള്ളവരും സാധനങ്ങൾ ലഭിക്കുകയും തുക പൂർണ്ണമായി നൽകി സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നവരെ സംരക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥ സമിതി 3 മാസത്തിനകം പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കും.
  • റീഫണ്ട് അപേക്ഷകൾക്ക് അക്നോളഡ്ജ്മെന്റ് നൽകുന്നതിനുള്ള സമയപരിധി 15 ദിവസത്തിൽ നിന്ന് 10 ദിവസമായി കുറച്ചു.
  • അപകടസാധ്യത കുറഞ്ഞ 90% റീഫണ്ട് അപേക്ഷകൾക്കും ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ സിസ്റ്റം വഴി 3 പ്രവൃത്തിദിവസത്തിനുള്ളിൽ അനുമതി നൽകും.
  • കാഷ് ലെഡ്ജറിലെ അധിക തുകയുടെ റീഫണ്ട് പൂർണ്ണമായും ഓട്ടോമാറ്റിക്കായി അക്കൗണ്ടിലെത്തും.
  • അന്തർസംസ്ഥാന ചരക്കുവാഹനങ്ങൾ നിർത്തി പരിശോധിക്കുന്നത് വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. ഇതിന് ജോയിന്റ് കമ്മീഷണറിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ മുൻകൂർ അനുമതി വേണം.
  • ചരക്ക് പുറപ്പെടുന്ന സംസ്ഥാനത്തും എത്തുന്ന സംസ്ഥാനത്തും മാത്രമേ പരിശോധന ഉണ്ടാകൂ. വഴിമധ്യേയുള്ള സംസ്ഥാനങ്ങൾക്ക് വാഹനം തടയാൻ അധികാരമുണ്ടാകില്ല.
  • സ്ഥാപനത്തിന്റെ പേര്, ഡയറക്ടർമാർ, വിലാസം തുടങ്ങിയ പതിവ് തിരുത്തലുകൾക്ക് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ സിസ്റ്റം വഴി ഓട്ടോമാറ്റിക്കായി അംഗീകാരം ലഭിക്കും.