ശിവഗംഗ കസ്റ്റഡി മരണം: അന്വേഷണം സിബിഐക്ക്; അഞ്ചു പോലീസുകാർ അറസ്റ്റിൽ

  1. Home
  2. National

ശിവഗംഗ കസ്റ്റഡി മരണം: അന്വേഷണം സിബിഐക്ക്; അഞ്ചു പോലീസുകാർ അറസ്റ്റിൽ

അജിത് കുമാർ


തമിഴ്‌നാട്ടിലെ ശിവഗംഗയിൽ കസ്റ്റഡിയിൽ മരിച്ച ക്ഷേത്ര സുരക്ഷാ ജീവനക്കാരൻ അജിത് കുമാറിന്റെ മരണത്തിൽ കേസ് സിബിഐയ്ക്ക് വിട്ടു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിലാണ് ഉത്തരവിട്ടത്. സിബിഐയുടെ അന്വേഷണവുമായി സംസ്ഥാന സർക്കാർ പൂർണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഭവം സംബന്ധിച്ച് തിരുപ്പവനം പോലീസ് സ്റ്റേഷനിലെ അഞ്ച് പോലീസുകാരെ അറസ്റ്റ് ചെയ്തു.ആനന്ദ്, ശിവ, പ്രഭു, മണികണ്ഠൻ, കണ്ണൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശിവഗംഗ ജില്ല പോലീസ് സൂപ്രണ്ട് ആശിഷ് റാവത്തിനെ തത്സ്ഥാനത്തുനിന്ന് മാറ്റി.

രാമനാഥപുരം ജില്ലാ പോലീസ് സൂപ്രണ്ട് ജി. ചാന്ദീഷിന് ശിവഗംഗ ജില്ലയുടെ താത്കാലിക ചുമതല നൽകി അഡീഷണൽ ചീഫ് സെക്രട്ടറി(ആഭ്യന്തരം) ധീരജ് കുമാർ ഉത്തരവിട്ടു.പോലീസിന്റെ നിരുത്തരവാദപരമായ പ്രവർത്തനങ്ങൾക്കുനേരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് ഡിജിപി ശങ്കർ ജിവാൽ പറഞ്ഞു.പോലീസുകാർ സുരക്ഷാജീവനക്കാരനെ ക്ഷേത്രത്തിന് പുറകിൽവെച്ച് വടികൊണ്ടടിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.