പുണെയിൽ പാലം തകർന്നുവീണ് ആറുപേർ മരിച്ചു; നിരവധി വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു

  1. Home
  2. National

പുണെയിൽ പാലം തകർന്നുവീണ് ആറുപേർ മരിച്ചു; നിരവധി വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു

പുണെയിൽ പാലം തകർന്ന നിലയിൽ


മഹാരാഷ്ട്രയിലെ പുണെയ്ക്കടുത്ത് കുന്ദ്മാല വിനോദസഞ്ചാരകേന്ദ്രത്തിൽ ഞായറാഴ്ച വൈകിട്ട് ഉണ്ടായ ദുരന്തത്തിൽ ആറുപേർ മരിക്കുകയും ഇരുപതിലേറെ പേരെ കാണാതാവുകയും ചെയ്തു. ഇന്ദ്രായണി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നുവീണത്.പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനെത്തിയ വിനോദസഞ്ചാരികൾ പാലത്തിന് മദ്ധ്യഭാഗത്തുനിന്ന് നദിയിലേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പാലത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു. ശക്തമായ മഴയെ തുടർന്നുണ്ടായ നദിയൊഴുക്കാണ് രക്ഷാപ്രവർത്തനം സങ്കീർണ്ണമാക്കുന്നത്.

ആറുപേരെ ഉടൻ തന്നെ രക്ഷപ്പെടുത്തി. മറ്റ് നിരവധി പേരെ കണ്ടെത്താൻ പ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണസേന (NDRF), അഗ്‌നിരക്ഷാസേന, പോലീസ് സേന, നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അതിന്റെ ഫലമായി നദിയിലെ ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്തിട്ടുണ്ട്. അപകടത്തിന് ഇതും ഇടയാക്കിയതായി കരുതുന്നു.

ഉരുൾപൊട്ടലുകളും വെള്ളപ്പൊക്കവും സാധ്യതയുള്ള പ്രദേശമായതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുമ്പോൾ രക്ഷിതാക്കളും നാട്ടുകാരും വലിയ ആശങ്കയിലാണ്.