തലയോട്ടി അടിച്ചുതകർത്ത കേസ്: സ്വതന്ത്ര ഭരദ്വാജ് അറസ്റ്റിൽ; പോലീസ് കസ്റ്റഡിയിൽ വിട്ടു

  1. Home
  2. National

തലയോട്ടി അടിച്ചുതകർത്ത കേസ്: സ്വതന്ത്ര ഭരദ്വാജ് അറസ്റ്റിൽ; പോലീസ് കസ്റ്റഡിയിൽ വിട്ടു

bharadwaj


ജന്തർമന്തറിലെ സമരം നടക്കുന്നതിനിടെ ദളിത് പെൺകുട്ടിയുടെ പിതാവിന്റെ തല തല്ലിപ്പൊട്ടിച്ച സംഭവത്തിൽ ഹിന്ദുത്വ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉത്തർപ്രദേശിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് ശനിയാഴ്ചയാണ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. തുടർന്ന് കർക്കർദൂമ കോടതി സമുച്ചയത്തിലെ ജഡ്ജിയുടെ വസതിയിൽ ഹാജരാക്കിയ പ്രതിയെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

ജൂൺ 23-നാണ് ജന്തർമന്തറിൽ സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ഗാസിയാബാദ് സ്വദേശിയായ സഞ്ജയ് കുമാറിനെ ഭരദ്വാജും സംഘവും ചേർന്ന് ആക്രമിച്ചത്. ആക്രമണം നടത്തിയത് താനാണെന്ന് അവകാശപ്പെടുന്ന ഭരദ്വാജിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ബി.ജെ.പി നേതാക്കളുടെ സഹായത്തോടെയാണ് താൻ മുൻപ് പുറത്തിറങ്ങിയതെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭീം ആർമി മേധാവിയും എം.പിയുമായ ചന്ദ്രശേഖർ ആസാദ്, പപ്പു യാദവ് എം.പി, വിവിധ യുവജന സംഘടന നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ വൻ പ്രതിഷേധം നടന്നിരുന്നു.

തുടർന്ന് പോക്സോ (POCSO), ഭാരതീയ ന്യായ സംഹിത (BNS), ഐ.ടി ആക്ട്, എസ്‌സി/എസ്‌ടി (SC/ST) അതിക്രമ നിരോധന നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയുടെ അനുയായികൾ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് പരിസരത്ത് ബാരിക്കേഡുകൾ സ്ഥാപിക്കുകയും അർധസൈനിക വിഭാഗത്തെ വിന്യസിച്ച് സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.