ബെംഗളൂരു-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ പുക; യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

  1. Home
  2. National

ബെംഗളൂരു-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ പുക; യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

indigo


ടേക്ക് ഓഫിന് ഒരുങ്ങുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ പുക കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും അടിയന്തരമായി ഒഴിപ്പിച്ചു. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ചൊവ്വാഴ്ച ചെന്നൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന 6E-6017 വിമാനത്തിൽ നിന്നാണ് പുക ഉയർന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.

റൺവേയിലേക്ക് നീങ്ങുന്നതിനായി വിമാനം പിന്നോട്ട് എടുക്കുന്നതിനിടയിലാണ് (Push back) ക്യാബിനുള്ളിൽ പുക ഉയർന്നത്. സുരക്ഷ മുൻനിർത്തി പൈലറ്റ് ഉടനടി അടിയന്തര ഒഴിപ്പിക്കലിന് നിർദ്ദേശം നൽകുകയായിരുന്നു. യാത്രക്കാരെ വേഗത്തിൽ പുറത്തെത്തിക്കുന്നതിനായി വിമാനത്തിലെ എമർജൻസി സ്ലൈഡുകൾ (Emergency Slides) വിന്യസിച്ചു.

"യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണ്. ഇവരെ വിമാനത്താവളത്തിലെ ടെർമിനലിലേക്ക് മാറ്റിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ എയർലൈൻ ടീമുകൾ ആവശ്യമായ സഹായങ്ങൾ നൽകി വരുന്നു," എന്ന് ഇൻഡിഗോ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈയടുത്തായി ഇൻഡിഗോ വിമാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. ഈ മാസം ആദ്യം ഹൈദരാബാദ്-ചണ്ഡീഗഡ് ഇൻഡിഗോ വിമാനം ചണ്ഡീഗഡ് വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷവും സമാനമായ രീതിയിൽ പുക കണ്ടെത്തിയിരുന്നു. അന്ന് യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചതായിരുന്നു ക്യാബിനിൽ പുക ഉയരാൻ കാരണമായത്.