കർണാടകയിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ നിയന്ത്രണം
കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കർണാടക സർക്കാർ തീരുമാനിച്ചു. 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. സംസ്ഥാന ബജറ്റ് അവതരണത്തിനിടെയാണ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്.കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനും വായനയിലേക്ക് തിരിച്ചുകൊണ്ടുവരാനും ലക്ഷ്യമിട്ടാണ് നടപടി. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലുള്ള തീരുമാനം പ്രഖ്യാപിക്കുന്നതെന്ന് സർക്കാർ അറിയിച്ചു.ബജറ്റിന് മുന്നോടിയായി കർണാടകയിലെ വൈസ് ചാൻസലർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി ഈ വിഷയം ചർച്ച ചെയ്തിരുന്നു. തുടർന്ന് ''മൊബൈൽ താഴെ വയ്ക്കൂ, പുസ്തകം എടുക്കൂ'' എന്ന ക്യാംപെയ്ൻ സർക്കാർ ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ പ്രഖ്യാപനം.മൊബൈൽ ഫോൺ ഉപയോഗം വർധിക്കുന്നതിലൂടെ കുട്ടികളിൽ ഉണ്ടാകുന്ന നെഗറ്റീവ് സ്വാധീനം, മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പെരുമാറ്റത്തിലെ മാറ്റങ്ങൾ എന്നിവ തടയാനാണ് നിയന്ത്രണം കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
