ഇനി സൈനികർക്ക് ഇൻസ്റ്റഗ്രാം റീലുകൾ കാണാം; ലൈക്കും കമന്റും പാടില്ലെന്ന് സൈനിക മന്ത്രാലയം

  1. Home
  2. National

ഇനി സൈനികർക്ക് ഇൻസ്റ്റഗ്രാം റീലുകൾ കാണാം; ലൈക്കും കമന്റും പാടില്ലെന്ന് സൈനിക മന്ത്രാലയം

army


സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നയത്തിൽ സുപ്രധാന ഭേദഗതികൾ വരുത്തി ഇന്ത്യൻ സൈന്യം. സൈനികർക്ക് ഇൻസ്റ്റഗ്രാം, എക്സ് (X) തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാനുള്ള അനുമതി നൽകിക്കൊണ്ടാണ് പുതിയ ഭേദഗതി പുറത്തിറക്കിയത്. എന്നാൽ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ കാണുന്നതിനു മാത്രമാണ് ഈ അനുമതിയുള്ളത്. ഉള്ളടക്കങ്ങൾ ലൈക്ക് ചെയ്യാനോ, കമന്റ് ചെയ്യാനോ, ഷെയർ ചെയ്യാനോ, നേരിട്ട് സന്ദേശങ്ങൾ അയക്കാനോ സൈനികർക്ക് അനുവാദമില്ല.

സൈനികർക്കിടയിൽ വിവരസാങ്കേതിക അവബോധം വളർത്തുന്നതിനാണ് ഈ ഇളവ് നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ ഉടൻ തന്നെ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാൻ സൈനികർക്ക് കഴിയും. ഈ പുതിയ രീതിയെ 'പാസീവ് പാർട്ടിസിപ്പേഷൻ' (Passive Participation) എന്നാണ് സേന വിശേഷിപ്പിക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് മിലിട്ടറി ഇന്റലിജൻസ് പുറപ്പെടുവിച്ച ഈ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വന്നു.

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായി വ്യത്യസ്തമായ മാർഗ്ഗനിർദ്ദേശങ്ങളാണ് സേന മുന്നോട്ട് വെച്ചിരിക്കുന്നത്. വാട്ട്‌സ്ആപ്പിലും സ്കൈപ്പിലും പൊതുവായ വിവരങ്ങൾ കൈമാറാൻ അനുമതിയുണ്ട്. എന്നാൽ ടെലഗ്രാം, സിഗ്നൽ തുടങ്ങിയവയിൽ പരിചിതരായ ആളുകളുമായി മാത്രമേ ആശയവിനിമയം നടത്താവൂ. യൂട്യൂബ്, ക്വോറ തുടങ്ങിയവയിലൂടെ വിവരങ്ങൾ ശേഖരിക്കാൻ അനുമതിയുണ്ടെങ്കിലും സ്വന്തം നിലയിൽ ഉള്ളടക്കങ്ങൾ അപ്‌ലോഡ് ചെയ്യാൻ പാടില്ല. സുരക്ഷാ ഭീഷണികൾ മുൻനിർത്തി വിപിഎൻ (VPN), ടോറന്റ് വെബ്‌സൈറ്റുകൾ എന്നിവ ഉപയോഗിക്കുന്നതിനെതിരെ സേന കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.