സോനം വാങ്ചുകിനെ വിദ്യാഭ്യാസ മന്ത്രിയാക്കണം; സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ച് കെജ്‌രിവാൾ
രാജ്യത്തെ പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക് ജന്തർ മന്തറിൽ നടത്തുന്ന നിരാഹാര സമരം 19-ാം ദിവസത്തിലേക്ക്. സമരപ്പന്തലിലെത്തി വാങ്ചുകിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ആം ആദ്മി പാർട്ടി (എഎപി) മേധാവി അരവിന്ദ് കെജ്‌രിവാൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ മാറ്റി സോനം വാങ്ചുകിനെ രാജ്യത്തിന്റെ പുതിയ വിദ്യാഭ്യാസ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു.
ചോദ്യക്കടലാസ് ചോർച്ചയിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വാങ്ചുകിന്റെ സമരത്തിന് പിന്തുണയുമായി കെജ്‌രിവാൾ നേരിട്ടെത്തിയത്. യുവാക്കളുടെയും 'കോക്രോച്ച് മൂവ്‌മെന്റിന്റെയും' സോനം വാങ്ചുകിന്റെയും ശബ്ദം കേൾക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. അല്ലാത്തപക്ഷം അടുത്ത പൊതുതെരഞ്ഞെടുപ്പിൽ സർക്കാരിന് തിരിച്ചടി നേരിടേണ്ടി വരുമെന്നും, അഴിമതിക്കെതിരായ യുവാക്കളുടെ പോരാട്ടത്തെ സർക്കാർ അടിച്ചമർത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നീണ്ട ദിവസത്തെ നിരാഹാരം കണക്കിലെടുത്ത് സോനം വാങ്ചുകിന് അടിയന്തര വൈദ്യസഹായം നൽകണമെന്ന് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് കോടതി ആവശ്യപ്പെട്ടു. രാജ്യത്തെ ഓരോ പൗരന്റെയും ജീവൻ വിലപ്പെട്ടതാണെന്ന് വ്യക്തമാക്കിയ കോടതി, വാങ്ചുകിന്റെ ആരോഗ്യ നിലയിൽ ആശങ്ക പ്രകടിപ്പിച്ച് അഭിഭാഷകനായ രാകേഷ് കുമാർ സൈനി നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് ഈ ഉത്തരവിട്ടത്.
