സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണം; ഹർജി നൽകി ഗീതാഞ്ജലി ആങ്മോ
സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ആശുപത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് അടിയന്തര ഹർജി നൽകിയതെന്ന് അവർ വ്യക്തമാക്കി.
ആരോഗ്യനില കൂടുതൽ വഷളാകുന്നതിന് മുമ്പ് സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചികിത്സയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ആശുപത്രി അധികൃതർ നൽകുന്നില്ലെന്നും, പ്രത്യേകിച്ച് പൊട്ടാസ്യത്തിന്റെ അളവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്നും ഗീതാഞ്ജലി ആരോപിച്ചു.
അതേസമയം, തന്നെ ചികിത്സയുടെ മറവിൽ ആശുപത്രിയിൽ നിയമവിരുദ്ധമായി തടങ്കലിൽ വെച്ചിരിക്കുകയാണ് എന്ന് സോനം വാങ്ചുക് പറഞ്ഞു. ആശുപത്രിയിലും പരിസരത്തും നൂറിലധികം പൊലീസുകാരുണ്ട്. കുടുംബത്തിൻ്റെ നീക്കങ്ങൾ നിയന്ത്രിക്കപ്പെടുന്നു. ഈ നടപടി ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ഗീതാഞ്ജലിയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
