സോണിയയുടെ ആത്മകഥ; വിവാദത്തില്‍ വിശദീകരണവുമായി പെൻഗ്വിൻ ഹൗസ്
സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' എന്ന പുസ്തകത്തെ ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി പെൻഗ്വിൻ ഹൗസ് ഇന്ത്യ. പുസ്തകത്തില്‍ ചില മാറ്റങ്ങള്‍ വേണമെന്ന നിലപാട് എടുത്തതോടെയാണ് പ്രസിദ്ധീകരണത്തില്‍ നിന്ന് പിന്‍മാറിയതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പെന്‍ഗ്വിന്‍ റാന്‍ഡ് ഹൗസ് വിശദീകരണവുമായി രംഗത്തുവന്നത്.
സോണിയ ഗാന്ധിയുമായി ചർച്ചകൾ നടന്നുവെന്ന് സ്ഥിരീകരിക്കുന്ന പ്രസ്താവനയാണ് പെൻഗ്വിൻ ഹൗസ് പുറത്തിറക്കിയത്. അതേസമയം 'ബിലോങിംഗ്' എന്ന പുസ്തകം പെൻഗ്വിൻ ഹൗസ് അല്ല ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതെന്നാണ് അറിയിപ്പ്. എഴുത്തുകാരി ചില മാറ്റങ്ങൾ നിരസിച്ചതിനാലാണ് പെൻഗ്വിൻ ഹൗസ് പുസ്തകം പ്രസിദ്ധീകരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത് എന്ന രീതിയിലുള്ള പ്രചാരണം ശരിയല്ലെന്നും പെൻഗ്വിൻ ഹൗസ് വിശദീകരിച്ചു.
പ്രസാധകർ എന്ന നിലയിൽ വിവരങ്ങൾ വസ്തുതാപരമായി പരിശോധിക്കുന്നതും പുസ്തകത്തിന്‍റെ മികച്ച താല്പര്യങ്ങൾ മുൻനിർത്തി രചയിതാവിന് നിർദേശങ്ങൾ നൽകുന്നതും തങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണ്. ഇത് പ്രസിദ്ധീകരണ പ്രക്രിയയുടെ ഭാഗമാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിലുടനീളം, ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ തങ്ങൾ സന്നദ്ധരാണെന്നും താല്പര്യപ്പെടുന്നുണ്ടെന്നുമുള്ള നിലപാടാണ് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ സ്വീകരിച്ചിരുന്നത്. എന്നാൽ എഴുത്തുകാരിയുമായി നടത്തിയ ചർച്ചകളെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പെൻഗ്വിൻ ഹൗസ് വ്യക്തമാക്കി.
