‘ആഘോഷവേളകളിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കൂ’; പ്രക്ഷോഭങ്ങൾക്ക് താത്കാലിക ഇടവേള നൽകി അഭിജീത് ദീപ്‌കെ

  1. Home
  2. National

‘ആഘോഷവേളകളിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കൂ’; പ്രക്ഷോഭങ്ങൾക്ക് താത്കാലിക ഇടവേള നൽകി അഭിജീത് ദീപ്‌കെ

abhijit dipke


ആഘോഷവേളകളിൽ പ്രവർത്തകരും വോളന്റിയർമാരും കുടുംബങ്ങളോടൊപ്പം സമയം ചെലവഴിക്കണമെന്ന് അഭ്യർഥിച്ച് സി.ജെ.പി (CJP) സ്ഥാപകൻ അഭിജീത് ദീപ്‌കെ. പ്രതിഷേധങ്ങൾക്ക് താത്കാലികമായി ഇടവേള നൽകുകയാണെന്ന സൂചന നൽകുന്ന വീഡിയോ സന്ദേശം അദ്ദേഹം എക്‌സിൽ (X) പങ്കുവെച്ചു. പ്രതിസന്ധികളിലും ഉറച്ചുനിന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് ദീപ്‌കെ തന്റെ വാക്കുകൾ തുടങ്ങിയത്.

അടുത്തിടെയുണ്ടായ സംഘർഷങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ എല്ലാവരുടെയും കുടുംബങ്ങൾ വലിയ ആശങ്കയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൂജ ആഘോഷങ്ങളുടെ വേളയിൽ പ്രിയപ്പെട്ടവർക്കൊപ്പം നിലകൊള്ളണമെന്നും, രാഷ്ട്രീയ പ്രകോപനങ്ങൾക്കോ വെറുപ്പിന്റെ പ്രചാരണങ്ങൾക്കോ വീണുപോകരുതെന്നും ദീപ്‌കെ ഓർമ്മിപ്പിച്ചു. കരുണയും ആത്മസംയമനവുമാണ് തങ്ങളുടെ ഏറ്റവും വലിയ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘടനയുടെ പ്രമുഖ നേതാക്കളായ സൗരവ് ദാസ്, അശുതോഷ് എന്നിവർ നിലവിൽ കസ്റ്റഡിയിലായ അന്തരീക്ഷത്തിലാണ് ഈ പ്രതികരണം. ജയിലിൽ കഴിയുന്ന സൗരവിനെയും അശുതോഷിനെയും ആഘോഷവേളകളിൽ ഓർക്കണമെന്ന് അഭ്യർത്ഥിച്ച അദ്ദേഹം, തടവിലാക്കപ്പെട്ടവർ സമാധാനപരമായ പോരാട്ടത്തിന്റെ വഴിയിലാണ് സഞ്ചരിച്ചതെന്നും വ്യക്തമാക്കി. സാമ്പത്തിക അട്ടിമറി കേസുകളുമായി ബന്ധപ്പെട്ട് ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 21 വരെ കോടതി നീട്ടിയ സാഹചര്യത്തിലാണ് ദീപ്‌കെയുടെ പുതിയ നീക്കം.