'അല്‍പ്പം അനുസരണക്കേടുള്ളവനാണെങ്കിലും ജയിലിലടക്കപ്പെടേണ്ടവനല്ല'; ഷാരൂഖിന്റെ ചാറ്റുമായി വാംഖഡെ

  1. Home
  2. National

'അല്‍പ്പം അനുസരണക്കേടുള്ളവനാണെങ്കിലും ജയിലിലടക്കപ്പെടേണ്ടവനല്ല'; ഷാരൂഖിന്റെ ചാറ്റുമായി വാംഖഡെ

സമീർ വാംഖഡെ, ഷാരൂഖ് ഖാൻ


ലഹരിക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മകന്‍ ആര്യന്‍ ഖാനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് ഖാന്‍ തനിക്കയച്ചത് എന്ന് അവകാശപ്പെടുന്ന വാട്‌സ്ആപ്പ് ചാറ്റുമായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ. ബോംബെ ഹൈക്കോടതിയിലാണ് വാംഖഡെ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സമര്‍പ്പിച്ചത്. മകനെ പുറത്തുവിടാന്‍ അപേക്ഷിക്കുന്നുവന്നും ഇല്ലെങ്കില്‍ ആര്യന്‍ ഖാന്‍ മനുഷ്യനെന്ന നിലയില്‍ തകര്‍ന്നുപോകുമെന്നും ഷാരൂഖ് തനിക്ക് സന്ദേശമയച്ചതായാണ് വാംഖഡെയുടെ അവകാശവാദം.

'അവനെ ജയിലിലേക്ക് അയക്കാതിരിക്കാന്‍ ഞാന്‍ നിങ്ങളോട് യാചിക്കുകയാണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അവന്‍ തകര്‍ന്നുപോകും. ചില തത്പരകക്ഷികള്‍ കാരണം അവന്റെ പ്രസരിപ്പ് നഷ്ടമാകും. എന്റെ മകനെ മാറ്റിയെടുക്കുമെന്നാണ് നിങ്ങള്‍ എനിക്ക് വാക്കുതന്നത്. പകരം തകര്‍ന്ന നിലയില്‍ പുറത്തേക്ക് വരുന്ന സ്ഥലത്തേക്ക് അവനെ അയയ്ക്കരുത്. അത് അവന്റെ തെറ്റായിരുന്നില്ല', ചാറ്റില്‍ പറയുന്നു.

'എന്നിലും എന്റെ കുടുംബത്തിലും ദയവുണ്ടാവണം. വളരെ സാധാരണക്കാരായ ആളുകളാണ് ഞങ്ങള്‍. എന്റെ മകന്‍ അല്‍പ്പം അനുസരണക്കേടുള്ളവനാണ്. എന്നാല്‍, കൊടുംകുറ്റവാളിയപ്പോലെ ജയിലിലടക്കപ്പെടുന്നത് അവന്‍ അര്‍ഹിക്കുന്നില്ല. അത് താങ്കള്‍ക്കും അറിയാം. അലിവുണ്ടാവൂ, ഞാന്‍ താങ്കളോട് യാചിക്കുകയാണ്', വാംഖഡെ സമര്‍പ്പിച്ച സ്‌ക്രീന്‍ ഷോട്ടില്‍ തുടരുന്നു.

തന്നാല്‍ കഴിയുന്നതെന്ത് വേണമെങ്കിലും ചെയ്യാമെന്നും ഷാരൂഖ് ഖാന്‍ ഉറപ്പുനല്‍കിയെന്ന് സമീര്‍ വാംഖഡെ അവകാശപ്പെടുന്നു. തന്റെ മകനേ വീട്ടിലേക്ക് അയയ്ക്കണം. അച്ഛനെന്ന നിലയില്‍ താന്‍ യാചിക്കുകയാണെന്നും ചാറ്റില്‍ ഷാരൂഖ് പറയുന്നു. ഷാരൂഖിന്റെ നീണ്ട സന്ദേശങ്ങള്‍ക്ക് വളരേ ചുരുങ്ങിയ വാക്കുകളിലാണ് വാംഖഡെ മറുപടി നല്‍കുന്നത്. നല്ലൊരു മനുഷ്യനെന്ന നിലയില്‍ എനിക്ക് താങ്കളെ അറിയാം. നമുക്ക് നല്ലതിന് വേണ്ടി ആശിക്കാമെന്നാണ് വാംഖഡെ മറുപടി നല്‍കുന്നത്.

ക്രൂയിസ് ഷിപ്പിലെ റേവ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് 2021 ഒക്ടോബര്‍ മൂന്നിനാണ് ആര്യന്‍ ഖാന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലാവുന്നത്. അതിന്റെ പിറ്റേ ദിവസം മുതലയച്ച സന്ദേശങ്ങള്‍ എന്ന പേരിലാണ് വാംഖഡെ സ്‌ക്രീന്‍ഷോട്ടുകള്‍ ഹാജരാക്കിയത്. പകല്‍ ആരംഭിക്കുന്ന സന്ദേശങ്ങള്‍ അര്‍ധരാത്രിവരേയും ചിലസമയങ്ങളില്‍ പിറ്റേന്ന് പുലര്‍ച്ചവരേയും നീളുന്നുണ്ട്.

ആര്യന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്ന ഒക്ടോബര്‍ 14-ന്, 'അല്‍പം ദയവുകാണിക്കൂ' എന്ന സന്ദേശം ഷാരൂഖ് അയച്ചതായി സ്‌ക്രീന്‍ഷോട്ടുകള്‍ പറയുന്നു. സോണല്‍ ഡയറക്ടര്‍ എന്ന നിലയിലല്ല, ഒരു സുഹൃത്തെന്ന നിലയില്‍ താങ്കളോട് ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയുമെന്നാണ് താന്‍ വിചാരിക്കുന്നതെന്നാണ് ഇതിനോട് വാംഖഡെ മറുപടി നല്‍കുന്നത്. മോശമായ സാഹചര്യം അന്തരീക്ഷത്തെ മലിനമാക്കുന്നു. കുട്ടികളിലേക്ക് വളരെ സദ്ദുദ്ദേശപരമായി നോക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ദേശസേവനത്തിന് അവര്‍ക്ക് മികച്ച സാഹചര്യം ഒരുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, എന്റെ ഉദ്ദേശത്തെ ചില മോശം വ്യക്തികള്‍ മലിനപ്പെടുത്തുന്നുവെന്നും സമീര്‍ വാംഖഡെ മറുപടി നല്‍കുന്നു.