‘സ്റ്റാലിൻ സർ, ഒന്നു വായ തുറക്കൂ...’; വീരമണി പോക്‌സോ കേസിൽ ഡി.എം.കെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ്
ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണി ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസിൽ ഡി.എം.കെയെയും പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി വിജയ്. ഡി.എം.കെ ഭരണകാലത്ത് പരാതി ലഭിച്ചിട്ടും കേസെടുക്കാതെ കുറ്റകൃത്യം മൂടിവെക്കാൻ ശ്രമിച്ചെന്നും അണ്ണാ ഡി.എം.കെ ഇതിന് കൂട്ടുനിന്നെന്നും അദ്ദേഹം ആരോപിച്ചു. ചെങ്കൽപേട്ട് ജില്ലയിലെ മധുരന്തകം മണ്ഡലത്തിൽ നടന്ന പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു വിജയ്.
വിഷയത്തിൽ ഇരുപാർട്ടികളും തമ്മിൽ ഒത്തുകളിച്ചോയെന്നും എന്തായിരുന്നു ഇതിന് പിന്നിലെ ഡീലെന്നും തമിഴ്‌നാട്ടിലെ ജനങ്ങൾ ചോദിക്കുകയാണെന്ന് വിജയ് പറഞ്ഞു. തമിഴ്‌നാട്ടിലെ സ്ത്രീകളെക്കുറിച്ച് അശ്ലീലമായി സംസാരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സ്റ്റാലിനും കുടുംബവും അത് ആസ്വദിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ടി.വി.കെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് പ്രത്യേക പോക്‌സോ കോടതി കേസ് അവസാനിപ്പിക്കാനുള്ള നീക്കം തള്ളുകയും വീരമണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. പോക്‌സോ കേസിൽ കൃത്യസമയത്ത് നടപടിയെടുക്കാത്ത രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരെ ചുമതലകളിൽ നിന്ന് നീക്കിയതായും അദ്ദേഹം വ്യക്തമാക്കി.
