'സ്റ്റാലിനെ പരിഹസിച്ചിട്ടില്ല, ശരീരഭാഷ യാദൃച്ഛികം മാത്രം'; വിശദീകരണവുമായി മുഖ്യമന്ത്രി വിജയ്

  1. Home
  2. National

'സ്റ്റാലിനെ പരിഹസിച്ചിട്ടില്ല, ശരീരഭാഷ യാദൃച്ഛികം മാത്രം'; വിശദീകരണവുമായി മുഖ്യമന്ത്രി വിജയ്

vijay


തമിഴ്‌നാട് നിയമസഭയിൽ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ അധിക്ഷേപിക്കുന്ന തരത്തിൽ ആംഗ്യം കാട്ടിയെന്ന ആരോപണത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. പോലീസ് വകുപ്പിന്റെ ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുന്നതിനിടെ തന്റെ ശരീരഭാഷ യാദൃച്ഛികമായി സംഭവിച്ചതാണെന്നും വ്യക്തിപരമായി ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം 'എക്സ്' (X) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

മിസാ കാലത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ വിജയ് താടിയിൽ കൈവെച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മർദനത്തിൽ സ്റ്റാലിന്റെ താടിയെല്ല് തകർന്ന സംഭവത്തെ പരിഹസിക്കുകയായിരുന്നു ആംഗ്യമെന്ന് ഡി.എം.കെയും സി.പി.എമ്മും ആരോപിച്ചിരുന്നു. വിജയിയുടെ ഈ ആംഗ്യം അപലപനീയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖവും പ്രതികരിച്ചിരുന്നു.

അതേസമയം, ഡി.എം.കെക്കെതിരെ വിജയ് നടത്തിയ അഴിമതി ആരോപണങ്ങളെച്ചൊല്ലി നിയമസഭ പ്രക്ഷുബ്ധമായി. ഇ.ഡി കണ്ടെത്തലുകളും സർക്കാരിയ കമ്മീഷൻ റിപ്പോർട്ടും ഉദ്ധരിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ ജെ.സി.ഡി പ്രഭാകർ തള്ളിയതിനെ തുടർന്ന് ബഹളം വെച്ച ഡി.എം.കെ എം.എൽ.എമാരെ മാർഷൽമാരെ ഉപയോഗിച്ച് സഭയിൽ നിന്ന് പുറത്താക്കി.