ഡൽഹിയിലെ തെരുവുനായകളെ ഷെൽട്ടറിലേക്ക് മാറ്റണം; മൃഗസ്‌നേഹികളുടെ ഹർജികൾ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
രാജ്യതലസ്ഥാനത്തെ എല്ലാ തെരുവുനായകളെയും ജനവാസ കേന്ദ്രങ്ങളിൽ നിന്നും ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവ് . നടപടിയെ തടസ്സപ്പെടുത്തുന്ന ഏതൊരു സംഘടനയും കർശന നടപടി നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി പറഞ്ഞു. മൃഗസ്‌നേഹികൾക്ക് പേവിഷബാധയേറ്റവരെ തിരികെക്കൊണ്ടുവരാനാകുമോ? തെരുവുനായകളെ ദത്തെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. നായകളുടെ കടിയേൽക്കുന്ന സംഭവങ്ങളും പേവിഷബാധ മൂലമുള്ള മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ വാദം മാത്രമേ കേൾക്കുകയുള്ളൂവെന്നും മൃഗസ്‌നേഹികളുടെയോ മറ്റു കക്ഷികളുടെയോ ഹർജികൾ പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. പൊതുതാത്പര്യം മുൻനിർത്തിയാണിത് ചെയ്യുന്നത്. ഒരുതരത്തിലുള്ള വികാരങ്ങൾക്കും ഇവിടെ സ്ഥാനമില്ല. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് പർദിവാല പറഞ്ഞു. തെരുവുനായകളെ മാറ്റിപ്പാർപ്പിക്കാൻ ഡൽഹിയിൽ ഒരു സ്ഥലം കണ്ടെത്തിയതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ, മൃഗാവകാശ പ്രവർത്തകർ സ്റ്റേ വാങ്ങിയതിനെത്തുടർന്ന് ഈ പദ്ധതി മുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.
