പ്രണയ നൈരാശ്യം; ഉത്തർപ്രദേശിൽ സഹപാഠിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

സഹപാഠിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. സ്വകാര്യ സർവകലാശാലയിലെ ബി എ മൂന്നാം വർഷ വിദ്യാർത്ഥികളായ സ്നേഹ ചൗരസ്യ, അനൂജ് സിംഗ് എന്നിവരാണ് മരിച്ചത്. മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നത്. മൂന്നാം വർഷ ബി എ സോഷ്യാളജി വിദ്യാർത്ഥിയായ അനൂജ് സിംഗ് സ്നേഹയെ വെടിവച്ച് കൊന്നശേഷം ഹോസ്റ്റൽ റൂമിൽ പോയി ആത്മഹത്യ ചെയ്യുകയായിരുന്നു.
സ്നേഹയുടെ വയറിലും നെഞ്ചിലുമാണ് വെടിയേറ്റത്. അനൂജിന്റെ തലയ്ക്കാണ് വെടിയേറ്റതെന്നും പൊലീസ് അറിയിച്ചു.കോളേജിന്റെ ഡൈനിംഗ് ഹാളിന് പുറത്ത് വച്ച് ഇവർ പരസ്പരം കണ്ടുമുട്ടി സംസാരിച്ചതായും പിന്നാലെ സ്നേഹയെ വെടിവച്ച ശേഷം അനൂജ് തന്റെ ഹോസ്റ്റൽ മുറിയിലേയ്ക്ക് ഓടിക്കയറിയതായും മറ്റ് വിദ്യാർത്ഥികൾ പറഞ്ഞു. ഇവർ നല്ല സുഹൃത്തുകൾ ആയിരുന്നുവെന്നും എന്നാൽ കുറച്ചു നാളുകളായി തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സാദ് മിയ ഖാൻ പറഞ്ഞു. ഒന്നരവർഷമായി ഇരുവരു പ്രണയത്തിലായിരുന്നുവെന്നും കുറച്ചുനാൾ മുൻപ് വേർപിരിഞ്ഞതായും അനൂജിന്റെ ഗൂഗിൾ ഡ്രൈവിൽ സേവ് ചെയ്തുവച്ച വീഡിയോയിൽ പറയുന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വീഡിയോയിൽ ബ്രെയിൻ ക്യാൻസറിന്റെ മൂന്നാം ഘട്ടത്തിലാണെന്നും പറയുന്നുണ്ട്. തന്റെയും സ്നേഹയുടെയും മാതാപിതാക്കൾ പ്രശ്‌നങ്ങൾ ഉണ്ടാക്കരുതെന്നും ദയവായി എന്നോട് ക്ഷമിക്കണമെന്നും അനൂജ് വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്.