ഉത്തരക്കടലാസിൽ 'ജയ് ശ്രീറാം' എഴുതിവച്ച വിദ്യാർത്ഥികൾ പാസായെന്ന് പരാതി; പ്രൊഫസർമാർക്ക് സസ്പെൻഷൻ, സംഭവം യുപിയിൽ

  1. Home
  2. National

ഉത്തരക്കടലാസിൽ 'ജയ് ശ്രീറാം' എഴുതിവച്ച വിദ്യാർത്ഥികൾ പാസായെന്ന് പരാതി; പ്രൊഫസർമാർക്ക് സസ്പെൻഷൻ, സംഭവം യുപിയിൽ

up


ഉത്തര പേപ്പറിൽ ജയ് ശ്രീറാം  എഴുതിയവരും ക്രിക്കറ്റ് താരങ്ങളുടെ പേരെഴുതി വെച്ചവരുമൊക്കെ പരീക്ഷയിൽ പാസായ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ നടപടി. ഉത്തർപ്രദേശിലെ വീർ ബഹാദൂർ സിങ് പൂർവാ‌ഞ്ചൽ യൂണിവേഴ്സിറ്റിയിലെ ഫാർമസി വിദ്യാർത്ഥികളുടെ പരീക്ഷാ പേപ്പറാണ് വിവാദമായത്. തുടർന്ന് മൂല്യ നിർണയം നടത്തിയ ഡോ. വിനയ് വർമ, മനീഷ് ഗുപ്ത എന്നീ പ്രൊഫസർമാരെ സസ്‍പെൻഡ് ചെയ്തിരിക്കുകയാണ്.

Pharmacy as a career എന്ന പേപ്പറിലെ ഉത്തരത്തിനിടയ്ക്ക് ജയ് ശ്രീറാം എന്ന് എഴുതി വെച്ചിരിക്കുന്നതിന്റെയും ക്രിക്കറ്റ് താരങ്ങളായ ഹർദിക് പാണ്ഡ്യ, വിരാട് കോലി, രോഹിത് ശർമ എന്നിവരുടെ പേരുകൾ എഴുതിയിരിക്കുന്നതുമൊക്കെ വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന ഉത്തരക്കടലാസുകളുടെ പകർപ്പിൽ കാണാം. വിദ്യാർത്ഥി നേതാവായ ദിവ്യാൻഷു സിങാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവർണർ, വൈസ് ചാൻസലർ കുടങ്ങിയവർക്ക് പരാതി നൽകിയത്. സർവകലാശയിലെ ചിലരെ പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു പരാതി. 

പൂജ്യം മാർക്ക് ഉത്തരക്കടലാസിൽ ഉള്ളവർക്കും അറുപത് ശതമാനത്തിലധികം മാർക്ക് നൽകി വിജയിപ്പിച്ചു. വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന പേപ്പറുകളിലെ ക്രമക്കേടുകൾ പിന്നീട് നടത്തിയ പുനർമൂല്യനിർണയത്തിലാണ് വെളിവായത്. രണ്ടാം മൂല്യനിർണയത്തിൽ മാർക്കുകൾ വളരെയധികം കുറഞ്ഞു. ഇതോടെയാണ് പരീക്ഷ പേപ്പറിൽ പലതും എഴുതിവെച്ച വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങി മാർക്കിട്ട് കൊടുത്ത് വിജയിപ്പിച്ചു എന്ന ആരോപണം അധ്യാപർക്കെതിരെ ഉയർന്നത്. തുടർന്നാണ് നടപടി.

വിദ്യാർത്ഥികൾക്ക് അർഹതയില്ലാത്ത മാർക്കുകൾ നൽകിയെന്ന ആരോപണം ഉയർന്നതോടെ അത് അന്വേഷിക്കാൻ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും കമ്മിറ്റിയുടെ റിപ്പോർട്ടിൽ ആരോപണം സത്യമാണെന്ന് സ്ഥിരീകരിച്ചുവെന്നുമാണ് വൈസ് ചാൻസലർ വന്ദന സിങ് പറഞ്ഞത്. പേപ്പറിൽ ജയ് ശ്രീറാം എഴുതിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ പേപ്പറുകളിൽ അത് കണ്ടില്ലെന്നും എന്നാൽ മാർക്ക് നൽകാൻ വേണ്ട യാതൊന്നും ഇല്ലാത്ത ഒരു കോപ്പി കണ്ടുവെന്നുമായിരുന്നു അവരുടെ പ്രതികരണം. കൈയക്ഷരം വ്യക്തമല്ലായിരുന്നു എന്നും വി.സി പറ‌ഞ്ഞു. സംഭവത്തിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് രാജ്ഭവൻ, വി.സിക്ക് കത്ത് നൽകി. അധ്യാപകരെ പിരിച്ചുവിടാനാണ് അന്വേഷണ കമ്മീഷൻ നിർദേശിച്ചിരിക്കുന്നതെന്നും എന്നാൽ തെര‌ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ അത് പിൻവലിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയെന്നും വി.സി പറ‌ഞ്ഞു.