കൗണ്ടർ ടിക്കറ്റുകൾക്കും ഇൻഷുറൻസ് നിർബന്ധമാക്കാൻ സുപ്രീം കോടതി നിർദേശം; റെയിൽവേ ബോർഡിന് മുന്നറിയിപ്പ്

  1. Home
  2. National

കൗണ്ടർ ടിക്കറ്റുകൾക്കും ഇൻഷുറൻസ് നിർബന്ധമാക്കാൻ സുപ്രീം കോടതി നിർദേശം; റെയിൽവേ ബോർഡിന് മുന്നറിയിപ്പ്

counter ticket


ഓൺലൈൻ വഴിയെടുക്കുന്ന ടിക്കറ്റുകൾക്ക് പുറമെ, റെയിൽവേ കൗണ്ടറിൽ നിന്നും നേരിട്ടെടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഒക്ടോബർ 27 മുതൽ ഈ ഉത്തരവ് നിർബന്ധമായും നടപ്പാക്കണമെന്നും, വീഴ്ചയുണ്ടായാൽ റെയിൽവേ ബോർഡ് നേരിട്ട് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും കോടതി ബെഞ്ച് വ്യക്തമാക്കി.

2023 ജൂണിലുണ്ടായ ബാലസോർ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിർണായക ഇടപെടൽ നടത്തിയത്. അപകടങ്ങൾ ഒഴിവാക്കുന്നതിനായി ട്രെയിനുകളിൽ 'കവച്' സുരക്ഷാസംവിധാനം വേഗത്തിൽ നടപ്പാക്കുക, മേൽപ്പാലങ്ങൾ നിർമ്മിക്കുക, പാളങ്ങളുടെ വശങ്ങളിൽ വേലികൾ സ്ഥാപിക്കുക, യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങൾ കോടതിയുടെ പരിഗണനയിലുണ്ട്. കൗണ്ടറുകളിൽ നിന്ന് ടിക്കറ്റെടുക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യാത്രക്കാർക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന് ആവശ്യത്തിന് സമയം നൽകിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഓൺലൈൻ ടിക്കറ്റുകൾക്ക് സമാനമായി കൗണ്ടർ ടിക്കറ്റുകൾക്കും ഇൻഷുറൻസ് സുരക്ഷ ഉറപ്പാക്കാൻ ഉത്തരവിട്ടത്.

റെയിൽവേയുടെ സുരക്ഷാ നടപടികളിലെ പുരോഗതിയിലും സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അധികൃതർ പറയുന്ന നടപടികളിൽ പലതും കടലാസിൽ മാത്രമാണുള്ളതെന്നും അടിസ്ഥാനതലത്തിൽ മാറ്റങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു. സുരക്ഷയ്ക്കായി ബജറ്റിൽ വകയിരുത്തിയ തുക പോലും പൂർണ്ണമായി വിനിയോഗിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ നടത്തിയ പ്രവർത്തനങ്ങളും ലക്ഷ്യങ്ങൾ കൈവരിക്കാത്തതിന്റെ കാരണങ്ങളും വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജീത് ബാനർജി രണ്ടാഴ്ചത്തെ സമയം തേടിയിട്ടുണ്ട്. കേസ് നവംബർ 16-ന് വീണ്ടും പരിഗണിക്കും. അതിനുമുമ്പ് സുരക്ഷാ നടപടികളിലെ പുരോഗതി വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കണമെന്നും ഇൻഷുറൻസ് ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയാൽ റെയിൽവേ ബോർഡിനായിരിക്കും നേരിട്ടുള്ള ഉത്തരവാദിത്തമെന്നും കോടതി ആവർത്തിച്ചു.