ബംഗ്ലാവ് വിൽക്കാൻ സുപ്രീം കോടതി അഭിഭാഷകയായ ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

  1. Home
  2. National

ബംഗ്ലാവ് വിൽക്കാൻ സുപ്രീം കോടതി അഭിഭാഷകയായ ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

arest case


 സുപ്രീം കോടതി അഭിഭാഷകയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. അഭിഭാഷക രേണു സിൻഹയുടെ കൊലപാതകത്തിലാണ് റവന്യൂ സർവീസിലെ മുൻ ഉദ്യോഗസ്ഥനായ നിതിൻ നാഥ് സിൻഹ തിങ്കളാഴ്ച അറസ്റ്റിലായത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബംഗ്ലാവിലെ സ്റ്റോർ റൂമിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. 36 മണിക്കൂറിലധികം ഇയാൾ സ്റ്റോർ റൂമിൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

ഉത്തർപ്രദേശിലെ നോയിഡ സെക്ടർ 30ലെ ബംഗ്ലാവിലെ കുളിമുറിയിലാണ് രേണു സിൻഹയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് അറസ്റ്റിലായത്. രണ്ട് ദിവസമായിട്ടും ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടർന്ന് രേണു സിൻഹയുടെ സഹോദരൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അഭിഭാഷകയും ഭർത്താവും താമസിക്കുന്ന ബംഗ്ലാവിൽ എത്തിയ പോലീസ് വാതിൽ ബലം പ്രയോഗിച്ച് തുറന്ന് ഉള്ളിൽക്കയറി. പരിശോധനയിൽ കുളിമുറിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തു.

സഹോദരിയുടെ മരണത്തിൽ സംശയമുണ്ടെന്നും ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും സഹോദരൻ പോലീസിനോട് വെളിപ്പെടുത്തി. ബംഗ്ലാവ് വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നതായും സിൻഹയുടെ ഫോൺ ഒഫ് ചെയ്ത നിലയിലാണെന്നും സഹോദരൻ പോലീസിനെ അറിയിച്ചു.

സഹോദരൻ്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തിയ പോലീസ് സിൻഹയുടെ ഫോൺ ട്രാക്ക് ചെയ്തു. അദ്ദേഹത്തിൻ്റെ അവസാന ലൊക്കേഷൻ സ്വന്തം ബംഗ്ലാവായിരുന്നു കണ്ടെത്തിയതോടെ പോലീസ് വസതി മുഴുവൻ പരിശോധന ആരംഭിച്ചു. ഏറെനേരത്തിന് ശേഷം സ്റ്റോർ റൂമിൽ ഒളിച്ചിരുന്ന സിൻഹയെ പോലീസ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ബംഗ്ലാവ് വിൽക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് അഭിഭാഷകന്റെ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. സിൻഹ ബംഗ്ലാവ് വിൽക്കാൻ ശ്രമിക്കുകയും ഒരാളിൽ നിന്ന് നാലുകോടി രൂപ അഡ്വാൻസായി പണം വാങ്ങുകയും ചെയ്തു. എന്നാൽ ബംഗ്ലാവ് വിൽക്കാൻ രേണു തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും പോലീസ് കണ്ടെത്തി.

രക്തം വാർന്നാണ് രേണു മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. കൊലപാതകത്തിന് ശേഷം വീട് പൂട്ടിയ ശേഷം ടെറസിലൂടെയാണ് പ്രതി വീട്ടിലെ സ്റ്റോർ റൂമിൽ പ്രവേശിച്ചത്. സംഭവസ്ഥലത്ത് തെളിവുകൾ ശേഖരിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും വിവരങ്ങൾ ശേഖരിക്കുകയാണെന്നും പോലീസ് പറഞ്ഞു.