തിരുപ്പരൻകുൺട്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീം കോടതി ഉത്തരവ്

  1. Home
  2. National

തിരുപ്പരൻകുൺട്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീം കോടതി ഉത്തരവ്

image


തിരുപ്പരൻകുൺട്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ നീക്കിയ സുപ്രീം കോടതി, ഉച്ചിപ്പിള്ളയാർ കോവിലിൽ തെളിയിക്കുന്ന ദീപത്തിൽനിന്നുള്ള ജ്വാല ഉപയോഗിച്ച് ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ കോടതി നിയോഗിച്ച റിസീവർമാർക്ക് നിർദേശം നൽകി. ദർഗയിൽനിന്ന് കുറഞ്ഞത് 50 മീറ്റർ അകലെ ദീപത്തൂണിൽ വിളക്ക് തെളിയിക്കാനും ഭക്തർക്ക് അനുമതി നൽകി. ദർഗയ്ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാൻ സിആർപിഎഫിനോടും കോടതി നിർദേശിച്ചു.

അതേസമയം ക്ഷേത്ര ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ബോർഡ് ഓഫ് ട്രസ്റ്റീസിനെ അടിയന്തരമായി സസ്‌പെൻഡ് ചെയ്തു. ക്ഷേത്രഭരണം ഏറ്റെടുക്കുന്നതിനായി മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് എസ്. വൈദ്യനാഥൻ, ജസ്റ്റിസ് വി. പാർത്ഥിപൻ എന്നിവരെ റിസീവർമാരായി നിയമിച്ചു. ഭരണസമിതിയിൽനിന്ന് ഉടൻ ക്ഷേത്രത്തിന്റെ ചുമതല ഏറ്റെടുക്കാനും നിർദേശിച്ചു.ക്ഷേത്രത്തിന്റെ സംരക്ഷണം സാധാരണയായി കമ്മീഷണറുടെ ചുമതലയാണെന്നും അധികൃതർ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെടുമ്പോഴാണ് കോടതിക്ക് ഇടപെടേണ്ടിവരുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.

സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല ഉടൻ ഏറ്റെടുക്കാൻ സിആർപിഎഫ് കമാൻഡന്റിനോട് നിർദേശിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ സുഗമമായി കൈമാറുന്നുവെന്ന് തമിഴ്‌നാട് ഡിജിപിയും മധുര എസ്പിയും ഉറപ്പാക്കണമെന്നും ഉത്തരവിട്ടു.

നവംബർ 20ലെ കോടതി ഉത്തരവ് മനഃപൂർവം ലംഘിക്കപ്പെട്ടതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അധികൃതർ സമർപ്പിച്ച റിപ്പോർട്ടിനെ മുതലക്കണ്ണീരിന് തുല്യമെന്നും കോടതി വിമർശിച്ചു.

കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറി, ഡിജിപി, എച്ച്ആർസിഇ കമ്മീഷണർ, മധുര ജില്ലാ കളക്ടർ, പൊലീസ് കമ്മീഷണർ, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ, മധുര എസ്പി, സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം ഡെപ്യൂട്ടി കമ്മീഷണർ/എക്‌സിക്യൂട്ടീവ് ഓഫീസർ, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ, ട്രസ്റ്റിമാർ എന്നിവർക്ക് കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു