പാസ്പോർട്ട്-വിസ സേവനങ്ങളിൽ ഡൽഹി ഹൈക്കോടതി വിധിയിൽ ഇടപെടാതെ സുപ്രീം കോടതി:3 മാസത്തിനുള്ളിൽ റീടെൻഡറിന് നിർദേശം

  1. Home
  2. National

പാസ്പോർട്ട്-വിസ സേവനങ്ങളിൽ ഡൽഹി ഹൈക്കോടതി വിധിയിൽ ഇടപെടാതെ സുപ്രീം കോടതി:3 മാസത്തിനുള്ളിൽ റീടെൻഡറിന് നിർദേശം

passport


യുഎഇ ഉൾപ്പെടെ നാല് വിദേശ രാജ്യങ്ങളിലെ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾ സംബന്ധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. കേന്ദ്ര സർക്കാരും വിദേശകാര്യ മന്ത്രാലയവും നൽകിയ ഹർജി കോടതി തള്ളി.യുഎഇ, കുവൈത്ത്, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലെയും കോൺസുലേറ്റുകളിലെയും പാസ്‌പോർട്ട്, വിസ സേവനങ്ങളെയാണ് ഉത്തരവ് പ്രധാനമായും ബാധിക്കുന്നത്.

അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഹൈക്കോടതി നിർദേശിച്ച പ്രകാരം റീടെൻഡർ നടപടികൾ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ പ്രവാസികൾക്കുള്ള പാസ്‌പോർട്ട്, വിസ സേവനങ്ങൾ തടസ്സപ്പെടാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.

ഇടക്കാല സംവിധാനമായി കേന്ദ്ര സർക്കാരിന് താൽപര്യമുള്ള കമ്പനികൾക്ക് മൂന്ന് മാസത്തേക്ക് സേവനം തുടരാം. എന്നാൽ ഈ കാലയളവിലെ സേവനം പിന്നീട് സ്ഥിരം കരാർ ലഭിക്കുന്നതിനുള്ള അവകാശവാദമായി ഉന്നയിക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ എംബസികൾക്കും കോൺസുലേറ്റുകൾക്കും നേരിട്ടോ നിലവിൽ സേവനം നൽകുന്ന കമ്പനികൾ വഴിയോ പ്രവർത്തനങ്ങൾ തുടരാം. കുവൈത്തിലെ ഡൂ ഡിജിറ്റൽ ഉൾപ്പെടെയുള്ള കമ്പനികൾക്കും മറ്റ് രാജ്യങ്ങളിലെ അൽഹിന്ദ് പോലുള്ള സ്ഥാപനങ്ങൾക്കും ലഭിച്ചിരുന്ന കരാറുകളും ഇനി പുതിയ ടെൻഡർ നടപടികൾക്ക് വിധേയമാകും.