തബല മന്ത്രികൻ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു; വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ

  1. Home
  2. National

തബല മന്ത്രികൻ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു; വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ

SAKIR


ലോകപ്രശസ്ത തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ. കലാ- രാഷ്ട്രീയ- സാംസ്കാരിക- വ്യാവസായിക രംഗത്തെ നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തി. സാക്കിർ ഹുസൈന്റെ വിയോഗം രാജ്യത്തിന്റെ കലയ്ക്ക് നികത്താനാകാത്ത നഷ്ടമെന്ന് ചിലർ വിശേഷിച്ചപ്പോൾ മറ്റുചിലർ അദ്ദേഹത്തിന്റെ തബല താളങ്ങൾ എക്കാലവും പ്രതിധ്വനിക്കുമെന്ന് പറഞ്ഞു.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് സാക്കിർ ഹുസൈന്റെ അന്ത്യം. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സാക്കിർ ഹുസൈന്റെ ബന്ധുക്കൾ അറിയിച്ചിരുന്നു. അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്നും അവർ പറഞ്ഞിരുന്നു.

വ്യവസായികളായ ഗൗതം അദാനി, ആനന്ദ് മഹീന്ദ്ര, നേതാക്കളായ നിതിൻ ഗഡ്കരി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങി നിരവധി പേർ ഹുസൈന് അനുശോചനം രേഖപ്പെടുത്തി. സക്കീർ ഹുസൈൻ്റെ മരണം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എക്‌സിൽ കുറിച്ചു.

'വിഖ്യാത തബല വിദ്വാൻ ഉസ്താദ് സക്കീർ ഹുസൈൻ്റെ വിയോഗവാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. അദ്ദേഹത്തിന് എൻ്റെ ഹൃദയംഗമമായ ആദരാഞ്ജലികൾ. സക്കീർ ഹുസൈൻ്റെ വിയോഗം രാജ്യത്തിൻ്റെ കലാ-സംഗീത മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. കലയോടുള്ള അദ്ദേഹത്തിൻ്റെ സമർപ്പണം അഭൂതപൂർവമാണ്, ദൈവം എപ്പോഴും സ്മരിക്കപ്പെടും, അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി നേരുന്നു, കുടുംബത്തിനും ആരാധകർക്കും ശക്തി നൽകട്ടെ!' നിതിൻ ഗഡ്കരി കുറിച്ചു.

സക്കീർ ഹുസൈൻ്റെ വിയോഗം സംഗീത ലോകത്തിന് തീരാനഷ്ടമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി.

"മഹാനായ തബല  വിദ്വാൻ ഉസ്താദ് സക്കീർ ഹുസൈന്റെ വിയോഗ വാർത്ത അങ്ങേയറ്റം ദുഖകരമാണ്. അദ്ദേഹത്തിൻ്റെ വിയോഗം സംഗീത ലോകത്തിന് തീരാനഷ്ടമാണ്. ദുഃഖത്തിൻ്റെ ഈ വേളയിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിനും ആരാധകർക്കും ഒപ്പം എൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു. ഉസ്താദ് സക്കീർ ഹുസൈൻ അദ്ദേഹത്തിന്റെ സംഗീതത്തിലൂടെ നമ്മുടെ ഓർമ്മകളിൽ എന്നും സജീവമായി നിലനിൽക്കും, ” രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. 

ലോകത്തിന് ഒരിക്കലും മാറ്റിസ്ഥാപിക്കാൻ കഴിയാത്ത താളം നഷ്ടപ്പെട്ടെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു.