അനുശോചനപ്രവാഹം; മരണാനന്തരം നടൻ ഡാനിയൽ ബാലാജിയുടെ കണ്ണുകൾ ദാനംചെയ്തു

  1. Home
  2. National

അനുശോചനപ്രവാഹം; മരണാനന്തരം നടൻ ഡാനിയൽ ബാലാജിയുടെ കണ്ണുകൾ ദാനംചെയ്തു

daniel-balaji


അന്തരിച്ച നടൻ ഡാനിയൽ ബാലാജയുടെ കണ്ണുകൾ ദാനം ചെയ്തു . അടുത്ത ബന്ധുക്കൾ അറിയിച്ചതാണ് ഇക്കാര്യം. വെള്ളിയാഴ്ച രാത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഹൃദയാഘാതത്തേ തുടർന്ന് ഡാനിയൽ ബാലാജി അന്തരിച്ചത്. അതേസമയം സിനിമാ മേഖലയിലെ നിരവധി പേർ ഡാനിയൽ ബാലാജിക്ക് ഇപ്പോഴും ആദരാഞ്ജലിയർപ്പിച്ചുകൊണ്ടിരിക്കുകയാണ്.

കമൽഹാസന്റെ മരുതനായകം സിനിമയുടെ മാനേജറായാണ് സിനിമാരംഗത്തേക്കെത്തിയത്. കമൽഹാസന്റെ വേട്ടയാട് വിളയാട് എന്ന ചിത്രത്തിൽ വില്ലൻവേഷത്തിലെത്തിയത് ഡാനിയൽ ബാലാജിയായിരുന്നു. ഡാനിയൽ ബാലാജിയുടെ മരണം ഞെട്ടിക്കുന്നതാണെന്ന് കമൽഹാസൻ അനുസ്മരിച്ചു. യുവാക്കളുടെ മരണത്തിൻ്റെ വേദന വളരെ വലുതാണ്. കണ്ണ് ദാനംചെയ്തതിനാൽ മരണശേഷവും അദ്ദേഹം ജീവിക്കുമെന്നും കമൽ അനുശോചിച്ചു.

'ഡാനിയൽ ബാലാജിയെ തനിക്ക് വല്ലാതെ മിസ് ചെയ്യുമെന്നാണ് നടൻ കിഷോർ എഴുതിയത്. പൊല്ലാതവൻ ഒരു സിനിമ മാത്രമായിരുന്നില്ല. കുടുംബമായിരുന്നു. ഞങ്ങളിൽ ആരെങ്കിലും ഒരാളുടെ ആശയങ്ങൾ, സിനിമകൾ, വിജയങ്ങൾ എന്നിവയെക്കുറിച്ച് വല്ലപ്പോഴുമുള്ള വാർത്തകളോ വീഡിയോകളോ വരുമ്പോൾ ഞങ്ങളുടെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി വരുമായിരുന്നു. ഞങ്ങളിൽ ആര് നല്ലത് ചെയ്താലും പരസ്പരം എപ്പോഴും സന്തോഷവും അഭിമാനവും ഉണ്ടായിരുന്നു. ഞാനെവിടെ പോയാലും വടചെന്നൈ-2 എപ്പോഴാണെന്ന് ആളുകൾ ചോദിക്കുമായിരുന്നു. വെട്രിമാരന്റെ ഇപ്പഴത്തെ ചുമതലകൾവെച്ചുനോക്കിയാൽ ഞങ്ങളുടെ എഴുപതാമത്തെ വയസിലേ അത് നടക്കൂ എന്ന് ഞാനപ്പോൾ തമാശയായി പറയും. അണ്ണാ എപ്പടി ഇരുക്കീങ്ക എന്ന് നിങ്ങൾ എന്നോടുപറയുന്നത് കേൾക്കാൻ ആ​ഗ്രഹിച്ചുപോവുകയാണ്.' കിഷോർ എഴുതി.

ഡാനിയൽ ബാലാജിയുടെ മരണവിവരമറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും വളരെയധികം വേദന തോന്നിയെന്നും സൂര്യ എക്സിൽ പോസ്റ്റ് ചെയ്തു. തന്റെ ഭാ​ഗം എപ്പോഴും നന്നാക്കാൻ നന്നായി പ്രയത്നിച്ചിരുന്നു അദ്ദേഹം. കാക്ക കാക്കയിലെ നല്ല നാളുകൾ ഇപ്പോഴും ഓർമയിലുണ്ടെന്നും സൂര്യ കൂട്ടിച്ചേർത്തു. രാധികാ ശരത് കുമാർ, വിജയ് സേതുപതി, അഥർവ, നാനി, കീർത്തി സുരേഷ്, സുന്ദീപ് കിഷൻ, സംവിധായകരായ വെട്രിമാരൻ, അമീർ തുടങ്ങിയവരും ഡാനിയൽ ബാലാജിക്ക് ആദരാഞ്ജലികളർപ്പിച്ചു.

2002-ൽ ‘ഏപ്രിൽ മാതത്തിൽ’ എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിച്ചു. തുടർന്ന് കമൽഹാസന്റെ ‘വേട്ടയാട് വിളയാട്’, സൂര്യയുടെ ‘കാക്ക കാക്ക’, ധനുഷിന്റെ ‘വട ചെന്നൈ’, വിജയ്‌യുടെ ‘ബിഗിൽ’, ‘പൊല്ലാതവൻ’, ‘പയ്യാ’ തുടങ്ങിയവയിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു.

മലയാളത്തിൽ ‘ബ്ലാക്ക്’ എന്ന ചിത്രത്തിലാണ് ആദ്യമായെത്തിയത്. മോഹൻലാൽ നായകനായ ‘ഭഗവാൻ’, മമ്മൂട്ടി നായകനായ ‘ഡാഡി കൂൾ’ എന്നിവയിലും അഭിനയിച്ചു. കൂടുതലും പ്രതിനായകവേഷങ്ങളാണ് ഡാനിയൽ ബാലാജിയെ തേടിയെത്തിയത്. തമിഴിലെ സൂപ്പർഹിറ്റ് സീരിയൽ ‘ചിത്തി’യിലെ ഡാനിയൽ എന്ന കഥാപാത്രത്തിലൂടെയാണ് ബാലാജി എന്ന പേരിനൊപ്പം ഡാനിയലും കൂട്ടിച്ചേർക്കപ്പെട്ടത്. പേരുമാറ്റത്തിനു പിന്നിൽ സംവിധായകൻ സുന്ദർ സി.യായിരുന്നു. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലുമായി നാല്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു. അവിവാഹിതനാണ്.