തമിഴ്‌നാട് ബിജെപിയിൽ കനത്ത പ്രതിസന്ധി; സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡിയും രാജിവെച്ചു

  1. Home
  2. National

തമിഴ്‌നാട് ബിജെപിയിൽ കനത്ത പ്രതിസന്ധി; സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡിയും രാജിവെച്ചു

amar prasad reddy


തമിഴ്‌നാട് ബിജെപിയിൽ മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കും ആഭ്യന്തര പ്രതിസന്ധിയും കൂടുതൽ രൂക്ഷമാകുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിട്ടതിന് പിന്നാലെ, നിലവിലെ സംസ്ഥാന സെക്രട്ടറിയും അദ്ദേഹത്തിന്റെ അടുത്ത അനുയായിയുമായ അമർ പ്രസാദ് റെഡ്ഡിയും ബിജെപിയിൽ നിന്നും രാജി പ്രഖ്യാപിച്ചു. അണ്ണാമലൈ രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് അമർ പ്രസാദിന്റെ തീരുമാനം.

താൻ ബിജെപിയിലെ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെക്കുകയാണെന്നും, ഇനി അണ്ണാമലൈയുടെ രാഷ്ട്രീയ പ്രയാണത്തിൽ അദ്ദേഹത്തിനൊപ്പം പൂർണ്ണ പിന്തുണയുമായി ഉണ്ടാകുമെന്നും അമർ പ്രസാദ് റെഡ്ഡി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള 'വീ ദ ലീഡേഴ്സ്' (We The Leaders) എന്ന കൂട്ടായ്മയുടെ ഭാഗമായി തമിഴ്‌നാട്ടിൽ ഉടനീളം പ്രവർത്തിക്കാനാണ് ഇദ്ദേഹത്തിന്റെ നീക്കം.

തമിഴ്‌നാട്ടിൽ ബിജെപിയുടെ ഏറ്റവും ജനകീയ മുഖമായിരുന്ന കെ. അണ്ണാമലൈ പാർട്ടി കേന്ദ്ര നേതൃത്വവുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. ഇതിന് തൊട്ടുപിന്നാലെ സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജൻ ഉൾപ്പെടെയുള്ള മുതിർന്ന ഭാരവാഹികളും പതിനഞ്ചോളം പ്രധാന ജില്ലാ നേതാക്കളും പാർട്ടി വിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡിയുടെയും രാജി.

അണ്ണാമലൈ പാര്‍ട്ടിവിട്ടത് ബിജെപിയുടെ വളർച്ചയെ ബാധിക്കില്ലെന്ന് നിലവിലെ തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ അവകാശപ്പെടുന്നുണ്ടെങ്കിലും, കൂടുതൽ പ്രാദേശിക നേതാക്കളും അണികളും വരും ദിവസങ്ങളിൽ പാർട്ടി വിടുമെന്നാണ് സൂചന. അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ കൂട്ടരാജി ബിജെപിക്ക് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ തിരിച്ചടിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.