ഡ്യൂട്ടിക്കിടെ മരിച്ച പൊലീസുകാരുടെ കുടുംബങ്ങൾക്ക് 5.96 കോടിയുടെ ധനസഹായം കൈമാറി തമിഴ്നാട് മുഖ്യമന്ത്രി വിജയ്
ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് ആദരമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജനങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് സേന നടത്തുന്ന സമാനതകളില്ലാത്ത സേവനങ്ങളെയും ആത്മസമർപ്പണത്തെയും ചെന്നൈയിൽ നടന്ന പൊലീസ് അനുസ്മരണ ദിന ചടങ്ങിൽ അദ്ദേഹം പ്രശംസിച്ചു. ഡ്യൂട്ടിക്കിടെ മരണപ്പെട്ട ആറ് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കും കോമാവസ്ഥയിൽ തുടരുന്ന ഒരു ഉദ്യോഗസ്ഥന്റെ കുടുംബത്തിനുമായി 5.96 കോടി രൂപയുടെ ധനസഹായം മുഖ്യമന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.
വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി പ്രകാരമാണ് തുക കൈമാറിയത്. രാപ്പകൽ ഭേദമന്യേ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സേവനങ്ങളെ സമൂഹം എപ്പോഴും അംഗീകരിക്കണമെന്ന് വിജയ് ആവശ്യപ്പെട്ടു. പ്രകൃതിദുരന്തങ്ങൾ, അപകടങ്ങൾ, മറ്റ് പൊതുസുരക്ഷാ ഭീഷണികൾ എന്നിവ നേരിടുന്നതിൽ പൊലീസ് കാണിക്കുന്ന ധൈര്യവും ജാഗ്രതയും അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം രാജ്യത്തുടനീളം 154 പൊലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടമായെന്നും ഇതിൽ ആറുപേർ തമിഴ്നാട് പൊലീസിൽ നിന്നുള്ളവരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
