തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അപകീർത്തി പരാമർശം; ഡിഎംകെ എംഎൽഎ അനിത ആർ. രാധാകൃഷ്ണൻ അറസ്റ്റിൽ

  1. Home
  2. National

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അപകീർത്തി പരാമർശം; ഡിഎംകെ എംഎൽഎ അനിത ആർ. രാധാകൃഷ്ണൻ അറസ്റ്റിൽ

anitha radhakrishnan


തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ മുൻ മന്ത്രിയും ഡിഎംകെ എംഎൽഎയുമായ അനിത ആർ. രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. ജൂൺ 20-ന് തൂത്തുക്കുടി ജില്ലയിലെ ആതൂരിൽ നടന്ന പൊതുയോഗത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയായിരുന്നു പോലീസ് നടപടി. ജസ്റ്റിസ് ജി.കെ. ഇലന്തിരിയ്യൻ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ നിരസിച്ചത്. 1967 മുതൽ ചലച്ചിത്രരംഗത്തു നിന്നുള്ളവരെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാടെന്നും ജനപ്രതിനിധിയായ ഒരാൾ മുഖ്യമന്ത്രിയുടെ പദവിയെ ബഹുമാനിക്കാൻ ബാധ്യസ്ഥനാണെന്നും കോടതി നിരീക്ഷിച്ചു.

തന്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ ആതൂർ ടൗൺ പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോഴാണ് രാധാകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനെ തുടർന്ന് സ്ഥലത്ത് തടിച്ചുകൂടിയ ഡിഎംകെ പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് കൂടുതൽ പോലീസ് സന്നാഹത്തെ വിന്യസിച്ചാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായാണ് വികസന പ്രവർത്തനങ്ങൾക്കിടെ എംഎൽഎയെ അറസ്റ്റ് ചെയ്തതെന്ന് ഡിഎംകെ എംപി കനിമൊഴിയും പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിനും എക്‌സിലൂടെ (X) കുറിച്ചു. സർക്കാരിന്റെ ഇത്തരം അടിച്ചമർത്തൽ നടപടികൾക്ക് ഡിഎംകെ വഴങ്ങില്ലെന്നും അവർ വ്യക്തമാക്കി.