പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രി
ഡൽഹി സന്ദർശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വിജയ്യുടെ ആദ്യ ഡൽഹി സന്ദർശനമാണിത്.കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനവും അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി.
കർണാടക കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിക്കുന്ന മേക്കെദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്ക് അനുമതി നൽകരുതെന്ന് വിജയ് ആവശ്യപ്പെട്ടു. ഈ പദ്ധതി തമിഴ്നാടിന്റെ ജലവിഹിതത്തെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം മുന്നോട്ടുവച്ചു.കേന്ദ്ര സാമ്പത്തിക സഹായം വർധിപ്പിക്കണമെന്നും വിവിധ വികസന പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നഗര വികസനം, ഗതാഗതം, വ്യവസായ വിപുലീകരണം തുടങ്ങിയ മേഖലകളിലെ പദ്ധതികൾക്കായുള്ള പിന്തുണയും അദ്ദേഹം തേടി.
പ്രധാനമന്ത്രിയെ കൂടാതെ, വിവിധ സംസ്ഥാന പദ്ധതികൾക്ക് സാമ്പത്തിക പിന്തുണ തേടുന്നതിനായി ധനമന്ത്രി നിർമല സീതാരാമനെയും ആഭ്യന്തര മന്ത്രി അമിത് ഷായേയും വിജയ് സന്ദർശിക്കും. ഇതോടൊപ്പം രാഷ്ട്രീയ കൂടിയാലോചനകളുടെ ഭാഗമായി സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.
