ഗർഭിണിയായ ഉദ്യോഗാർത്ഥിക്ക് വേണ്ടി പ്രോട്ടോക്കോൾ ലംഘിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി; വീഡിയോ വൈറൽ
പൂർണ്ണഗർഭിണിയായ യുവതിക്ക് വേണ്ടി പ്രോട്ടോക്കോൾ ലംഘിച്ച് വേദിയിൽ നിന്ന് താഴെയിറങ്ങി വന്ന് നിയമന ഉത്തരവ് കൈമാറിയ തമിഴ്‌നാട് മുഖ്യമന്ത്രി വിജയുടെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലിയുടെ അപ്പോയിന്റ്‌മെന്റ് ലെറ്റർ കൈമാറുന്ന ചടങ്ങിനിടെയായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ ഈ മാതൃകാപരമായ പെരുമാറ്റത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ചെന്നൈയിലെ കലൈവനാർ അരംഗം ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തമിഴ്‌നാട് പി.എസ്.സി മുഖേന വൈദ്യുതി വകുപ്പിൽ ജോലി ലഭിച്ച 401 ഉദ്യോഗാർത്ഥികൾക്കാണ് ചടങ്ങിൽ നിയമന ഉത്തരവ് കൈമാറിയത്. ഇതിൽ അസിസ്റ്റന്റ് എൻജിനീയറായി ജോലി ലഭിച്ച അക്ഷയാ ലക്ഷ്മി എന്ന ഉദ്യോഗാർത്ഥി പൂർണ്ണഗർഭിണിയായിരുന്നു. അപ്പോയിന്റ്‌മെന്റ് ലെറ്റർ ഏറ്റുവാങ്ങാനായി അക്ഷയയുടെ പേര് വേദിയിലേക്ക് വിളിച്ചപ്പോഴാണ് അവർക്ക് പടികയറി സ്റ്റേജിലെത്താനുള്ള ബുദ്ധിമുട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്.
പ്രസവത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ള യുവതിയെ വേദിയിലേക്ക് ബുദ്ധിമുട്ടിക്കാതെ, പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രി വിജയ് തന്നെ നേരിട്ട് പടികളിറങ്ങി സദസ്സിലേക്ക് എത്തുകയായിരുന്നു. തുടർന്ന് അക്ഷയാ ലക്ഷ്മിക്ക് അദ്ദേഹം അപ്പോയിന്റ്മെന്റ് ലെറ്റർ കൈമാറുകയും സുരക്ഷിതമായ പ്രസവത്തിനായി ആശംസകൾ നേരുകയും ചെയ്തു. സദസ്സിൽ നിന്നും വലിയ കൈയടിയോടെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തിയെ ജനങ്ങൾ വരവേറ്റത്.
