രാഹുൽ എഐസിസി അധ്യക്ഷനാകണം' പ്രമേയം പാസാക്കി തമിഴ്നാട്ടിലെ കോണ്‍ഗ്രസ് ഘടകം

  1. Home
  2. National

രാഹുൽ എഐസിസി അധ്യക്ഷനാകണം' പ്രമേയം പാസാക്കി തമിഴ്നാട്ടിലെ കോണ്‍ഗ്രസ് ഘടകം

rahul


രാഹുൽ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനാകണം എന്ന പ്രമേയം പാസാക്കി തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി. തിങ്കളാഴ്ച ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത് എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെന്നൈയില്‍ നടന്ന പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി രാഹുൽ ഗാന്ധിയെ ചുമതലപ്പെടുത്തണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്.  ടിഎൻസിസി പ്രസിഡന്റ് കെഎസ് അഴഗിരി അവതരിപ്പിച്ച പ്രമേയം   ജനറൽ കൗൺസിൽ അംഗങ്ങള്‍  ഐക്യകണ്‌ഠേന പാസാക്കി.

"രാഹുൽ ഗാന്ധിയെ എഐസിസി പ്രസിഡന്‍റായി നിർദ്ദേശിച്ചുകൊണ്ട് ടിഎൻസിസി പ്രസിഡന്റ് കെഎസ് അഴഗിരി അവതരിപ്പിച്ച പ്രമേയം ടിഎൻസിസി ജനറൽ കൗൺസിൽ ഐകകണ്‌ഠേന അംഗീകരിച്ചു," തമിഴ്നാട് കോണ്‍ഗ്രസ് ഘടകം ട്വീറ്റ് ചെയ്തു. നേരത്തെ കോണ്‍ഗ്രസിന്‍റെ  ഗുജറാത്ത്, ഛത്തീസ്ഗഡ്, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ രാഹുൽ ഗാന്ധി കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഏറ്റെടുക്കണം എന്ന പ്രമേയം പാസാക്കിയിരുന്നു.

അതേ സമയം  അധ്യക്ഷസ്ഥാനത്തിലേക്കില്ലെന്ന നിലപാടില്‍ രാഹുല്‍ഗാന്ധി ഉറച്ച് നില്‍ക്കുകയാണ്  എന്നാണ് റിപ്പോര്‍ട്ട്. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാള്‍ വരട്ടെയെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. സോണിയാഗാന്ധിയുമായി ഏറെ അടുപ്പമുള്ള നേതാവായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രസിഡന്‍റാകണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

നിലവില്‍ ഭാരത് ജോഡോ യാത്രയിലാണ് രാഹുല്‍ ഗാന്ധി. സെപ്തംബര്‍ 7 കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത് 3,500 കിലോമീറ്റർ  പിന്നിട്ട് കശ്മീരിലാണ് യാത്ര അവസാനിക്കുക.