തമിഴ്‌നാട്ടിൽ ആദ്യ 'ബാരിയർ ഫ്രീ' ടോൾ പ്ലാസ യാഥാർത്ഥ്യമായി; ഇനി വാഹനങ്ങൾ തടയാതെ ടോൾ ഈടാക്കാം
തമിഴ്‌നാട്ടിലെ ദേശീയപാതയിൽ തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ 'ബാരിയർ ഫ്രീ' ടോൾ പ്ലാസ പ്രവർത്തനസജ്ജമായി. താമ്പരം-തിണ്ടിവനം പാതയിലെ (ദേശീയപാത 45) പരനൂർ ടോൾ പ്ലാസയിലാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) ഒക്ടോബർ ഒന്ന് മുതൽ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഓട്ടോമേറ്റഡ് ടോൾ പിരിവ് ആരംഭിച്ചത്. ഇതോടെ വാഹനങ്ങൾ ടോൾ ബൂത്തിൽ നിർത്താതെ തന്നെ യാത്ര തുടരാനാകും.
ഫാസ്റ്റാഗുമായി ബന്ധിപ്പിച്ച ആർ.എഫ്.ഐ.ഡി (RFID) സാങ്കേതികവിദ്യയും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകളും സംയോജിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. വാഹനം ടോൾ ഗേറ്റ് കടന്നുപോകുമ്പോൾ തന്നെ എൻജിൻ ഓഫാക്കാതെയോ കാത്തുനിൽക്കാതെയോ ടോൾ തുക അക്കൗണ്ടിൽ നിന്ന് കുറയും. ഗുജറാത്ത്, ഡൽഹി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങൾക്ക് പിന്നാലെയാണ് തമിഴ്‌നാട്ടിലും ഈ ആധുനിക സംവിധാനം എൻ.എച്ച്.എ.ഐ നടപ്പിലാക്കിയത്.
