ഗവർണർ തിരിച്ചയച്ച പത്ത് ബില്ലുകൾ വീണ്ടും പാസാക്കി തമിഴ്‌നാട് നിയമസഭ; തടയാൻ കഴിയില്ലെന്ന് സ്റ്റാലിൻ

  1. Home
  2. National

ഗവർണർ തിരിച്ചയച്ച പത്ത് ബില്ലുകൾ വീണ്ടും പാസാക്കി തമിഴ്‌നാട് നിയമസഭ; തടയാൻ കഴിയില്ലെന്ന് സ്റ്റാലിൻ

stalin


ഗവർണർ തിരിച്ചയച്ച പത്ത് ബില്ലുകൾ ഐകകണ്ഠേന പാസാക്കി തമിഴ്നാട് നിയമസഭ. ബില്ലുകൾ നേരത്തെ പാസാക്കിയിരുന്നെങ്കിലും ഗവർണർ ആർ എൻ രവി കാരണം വ്യക്തമാക്കാതെ തിരിച്ചയയ്ക്കുകയായിരുന്നു. ബില്ലുകൾ പാസാക്കാനുള്ള പ്രമേയം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പാസാക്കിയതിന് പിന്നാലെയാണ് നടപടി. കാരണമില്ലാതെ അനുമതി നൽകാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ഗവർണർ തന്റെ വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് ബില്ലുകൾ തടഞ്ഞുവയ്ക്കുന്നതെന്നാണ് എം കെ സ്റ്റാലിൻ ആരോപിച്ചത്. ഇത് ജനാധിപത്യത്തിന് എതിരും ജനവിരുദ്ധവുമാണ്. ബില്ലുകൾ വീണ്ടും നിയമസഭയിൽ പാസാക്കി അയച്ചാൽ ഗവർണർക്ക് അനുമതി തടയാൻ കഴിയില്ല. ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളെ ഗവർണർമാരിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതായും സ്റ്റാലിൻ വിമർശിച്ചു.പത്തിൽ രണ്ട് ബില്ലുകൾ 2020ലും ആറെണ്ണം കഴിഞ്ഞ വർഷവും രണ്ട് ബില്ലുകൾ ഈ വർഷവുമാണ് നിയമസഭ മുൻപ് പാസാക്കിയത്. സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ ചാൻസലർ സ്ഥാനത്തേക്ക് ഉയർത്തി ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനാണ് ബില്ലുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ബില്ലുകളിന്മേൽ ഗവർണർ അടയിരിക്കുന്നുവെന്ന പരാതിയുമായി തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഗവർണർ ആർ എൻ രവി രാഷ്ട്രീയ എതിരാളിയെന്ന പോലെയാണ് പ്രവർത്തിക്കുന്നതെന്ന് സ്റ്റാലിൻ സർക്കാർ ആരോപിച്ചു. നവംബർ 10ന് തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവേ, നിയമസഭകൾ പാസാക്കിയ ബില്ലുകൾക്ക് ഗവർണർമാർ അനുമതി നൽകാൻ കാലതാമസം വരുത്തുന്നതിൽ സുപ്രീം കോടതി അതീവ ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. ഗവർണർക്കെതിരായ ആരോപണങ്ങളിൽ കേന്ദ്രസർക്കാരിൽ നിന്ന് പ്രതികരണം തേടിയിരിക്കുകയാണ് സുപ്രീം കോടതി.