അധ്യാപകന്റെ മർദനം; 16കാരന്റെ കണ്ണിൽ രക്തം കട്ടപിടിച്ചു; അധ്യാപകനെതിരെ കേസെടുത്ത് മൈസൂരു പൊലീസ്
കർണാടകയിലെ മൈസൂരുവിൽ അധ്യാപകന്റെ മർദ്ദനമേറ്റ് 16 വയസ്സുകാരനായ വിദ്യാർത്ഥിയുടെ കണ്ണിൽ രക്തം കട്ടപിടിച്ചു. മൈസൂരുവിലെ സെന്റ് ഫിലോമിനാസ് ഹൈസ്‌കൂളിലെ വിദ്യാർഥിയായ റെഹാൻ ഷെരീഫിനാണ് മർദനമേറ്റത്. സംഭവത്തിൽ ഇതേ സ്കൂളിലെ അധ്യാപകൻ സുരേഷിനെതിരെ പൊലീസ് കേസെടുത്തു.
മർദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടി നിലവിൽ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. കുട്ടിയുടെ പിതാവ് വസിം ഷെരീഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
മർദനവിവരം പുറത്തുപറഞ്ഞാൽ സ്കൂളിൽ നിന്ന് ടി.സി നൽകി പുറത്താക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ മൈസൂരു പൊലീസ് അന്വേഷണം ആരംഭിച്ചു. അധ്യാപകനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
