ക്ലാസിനിടെ സംസാരിച്ചതിന് അധ്യാപകൻ മർദിച്ചു; വിദ്യാർഥിയുടെ കർണപടം പൊട്ടി

അധ്യാപകന്‍റെ മർദനത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ കർണപടം പൊട്ടി. ഉത്തർപ്രദേശിലെ സർക്കാർ സ്‌കൂളിലാണ് ഇംഗ്ലീഷ് ക്ലാസിനിടെ സംസാരിച്ചതിന് വിദ്യാർത്ഥിയെ അധ്യാപകനായ ശിവ് ലാൽ ജയ്‌സ്വാൾ ക്രൂരമായി മർദിച്ചത്. അനിരുദ്ധ് എന്ന 13കാരനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു.
"ചെവിയിൽ നിന്ന് രക്തം ഒലിച്ചിറങ്ങിയ ശേഷവും അധ്യാപകൻ കുട്ടിയെ തല്ലുന്നത് തുടർന്നു. നിലവിളിച്ചിട്ടും അടി നിർത്തിയില്ല. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കർണപടം പൊട്ടിയതായി ഡോക്ടർ പറഞ്ഞു. കുട്ടിയുടെ കേൾവിശക്തി നഷ്ടപ്പെടാനും ചെവിയിൽ അണുബാധയ്ക്കും കാരണമാകുന്ന തരത്തിലുമുള്ള മർദനമാണ് ഉണ്ടായത്"- പരാതിയിൽ പറയുന്നു.
അതേസമയം, അധ്യാപകനെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രിൻസിപ്പൽ, മറ്റ് അധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ മൊഴിയെടുത്ത ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും അമേത്തി എസ്എച്ച്ഒ അരുൺ കുമാർ ദ്വിവേദി വ്യക്തമാക്കി.