വിദ്യാർഥിനികളെ വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിച്ചെന്ന കേസ്; അധ്യാപിക കുറ്റക്കാരി; ശിക്ഷ ഇന്നു പ്രഖ്യാപിക്കും

  1. Home
  2. National

വിദ്യാർഥിനികളെ വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിച്ചെന്ന കേസ്; അധ്യാപിക കുറ്റക്കാരി; ശിക്ഷ ഇന്നു പ്രഖ്യാപിക്കും

court order


ചെന്നൈയിൽ കോളജ് വിദ്യാർഥിനികളെ വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിച്ചെന്ന കേസിൽ മുൻ അധ്യാപിക പ്രഫ. നിർമലാദേവി (52) കുറ്റക്കാരിയാണെന്നു കണ്ടെത്തിയ വിരുദുനഗർ കോടതി ശിക്ഷ ഇന്നു പ്രഖ്യാപിക്കും. അറുപ്പുക്കോട്ടയിലെ സ്വകാര്യ കോളജിലെത്തുന്ന ചില പ്രത്യേക അതിഥികളെ സന്തോഷിപ്പിക്കുംവിധം ഇടപഴകാൻ വിദ്യാർഥിനികളെ പ്രഫ.നിർമല നിർബന്ധിക്കുന്ന ശബ്ദസന്ദേശങ്ങൾ 2018 ലാണു പുറത്തുവന്നത്. കോളജ് അധികൃതരുടെയും കുട്ടികളുടെയും പരാതിയിൽ പൊലീസ് കേസെടുത്തതോടെ അധ്യാപികയെ ജോലിയിൽനിന്നു പിരിച്ചുവിട്ടു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ നിയമ പ്രകാരം ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് 1,360 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ രണ്ടും മൂന്നും പ്രതികളായ അസി.പ്രഫസർ മുരുകൻ, ഗവേഷക വിദ്യാർഥി കറുപ്പസാമി എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു.