'വിദ്യാഭ്യാസത്തിനോ സ്‌കൂളിനോ വേണ്ടി സരസ്വതി ദേവി ഒന്നും ചെയ്തിട്ടില്ല'; വിവാദ പരാമർശം, അദ്ധ്യാപികയ്ക്ക് സസ്പെൻഷൻ

  1. Home
  2. National

'വിദ്യാഭ്യാസത്തിനോ സ്‌കൂളിനോ വേണ്ടി സരസ്വതി ദേവി ഒന്നും ചെയ്തിട്ടില്ല'; വിവാദ പരാമർശം, അദ്ധ്യാപികയ്ക്ക് സസ്പെൻഷൻ

school


സരസ്വതി ദേവിയെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ അദ്ധ്യാപികയെ സസ്പെൻഡ് ചെയ്തു. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ സർക്കാർ സ്‌കൂളിലെ അദ്ധ്യാപികയെയാണ് സസ്പെൻഡ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.

പ്രൈമറി സ്‌കൂൾ അദ്ധ്യാപിക ഹേംലത ബൈർവയെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്. രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവാറിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. വിദ്യാലയങ്ങളിൽ സരസ്വതി ദേവിയുടെ സംഭാവന എന്താണെന്നായിരുന്നു അദ്ധ്യാപികയുടെ വിവാദ പരാമർശം.

'സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അദ്ധ്യാപിക മതവികാരം വ്രണപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്തെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സസ്പെൻഡ് ചെയ്തത്.'- ബാരൻ ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

'പ്രാഥമിക അന്വേഷണത്തിൽ, പ്രദേശവാസികളെ പ്രകോപിപ്പിച്ചതും മതവികാരം വ്രണപ്പെടുത്തിയതിനും പിന്നിൽ അദ്ധ്യാപികയാണെന്ന് കണ്ടെത്തി. തുടർന്ന് അവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.'- ബാരൻ ജില്ലാ വിദ്യാഭ്യാസഓഫീസർ പിയൂഷ് കുമാർ ശർമ്മ പറഞ്ഞു.

വിവാദം ഒഴിവാക്കി റിപ്പബ്ലിക് ദിന ചടങ്ങ് സുഗമമായി നടത്താൻ അദ്ധ്യാപികയ്ക്ക് കഴിയുമായിരുന്നു. പകരം അവർ മത വികാരം വ്രണപ്പെടുത്തുകയും നാട്ടുകാരെ പ്രകോപിപ്പിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. റിപ്പബ്ലിക് ദിന ചടങ്ങിനിടെ അദ്ധ്യാപികയും ചില നാട്ടുകാരും തമ്മിൽ തർക്കമുണ്ടായി. ചടങ്ങിൽ മഹാത്മാ ഗാന്ധിയുടെയും അംബേദ്കറുടെയും ഫോട്ടോകൾക്കൊപ്പം സരസ്വതി ദേവിയുടെ ചിത്രം വേദിയിൽ വയ്ക്കാൻ ഗ്രാമവാസികൾ നിർബന്ധിച്ചിട്ടും ബൈർവ വിസമ്മതിച്ചിരുന്നു.