കർണാടകയിൽ അധ്യാപകർക്ക് പേരിനൊപ്പം 'TR' ചേർക്കാം; പുതിയ തീരുമാനവുമായി സർക്കാർ
കർണാടകയിൽ അധ്യാപകർക്ക് പേരിന് മുന്നിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന 'TR' ചേർക്കാൻ അനുമതി നൽകുമെന്ന് സർക്കാർ. അധ്യാപകർക്ക് പ്രത്യേക പദവി നൽകുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.
വിജയനഗര ജില്ലയിലെ കൂട്‌ലിഗിയിൽ ശനിയാഴ്ച നടന്ന അധ്യാപകദിനാഘോഷ ചടങ്ങിലായിരുന്നു ശിവകുമാറിന്റെ പ്രഖ്യാപനം. ഡോക്ടർമാർക്ക് പേരിന് മുന്നിൽ 'DR', പ്രൊഫസർമാർക്ക് 'PROF' എന്നിവ ചേർക്കുന്നതിന് സമാനമായ രീതിയിലാണ് അധ്യാപകർക്കും 'TR' ഉപയോഗിക്കാൻ അനുമതി നൽകുന്നത്.
അധ്യാപകരുടെ സാമൂഹിക സംഭാവന കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നും ശിവകുമാർ പറഞ്ഞു. ഓരോ വ്യക്തിയുടെയും വളർച്ചയിലും വ്യക്തിത്വ രൂപീകരണത്തിലും അധ്യാപകർക്ക് നിർണായക പങ്കാണുള്ളത്. അതിനാൽ അധ്യാപകർക്ക് അർഹമായ അംഗീകാരവും പ്രത്യേക പദവിയും നൽകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ ഒരു കോടിയിലധികം അധ്യാപകരുണ്ടെന്നും അതിൽ ഏകദേശം നാലരലക്ഷത്തോളം പേർ കർണാടകയിലുണ്ടെന്നും ശിവകുമാർ പറഞ്ഞു. അധ്യാപകരുടെ സേവനത്തിന് കൂടുതൽ അംഗീകാരം നൽകുന്നതിന്റെ ഭാഗമായാണ് 'TR' പദവി അനുവദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
