ഡൽഹിയിൽ ദീപാവലി ആഘോഷത്തിനിടെ വെടിവയ്പ്പ്; കൗമാരക്കാരൻ ഉൾപ്പെടെ 2 പേർ മരിച്ചു, വ്യക്തിവൈരാഗ്യമെന്ന് സൂചന
ന്യൂഡൽഹിയിൽ ദീപാവലി ആഘോഷത്തിനിടെയുണ്ടായ വെടിവയ്പിൽ കൗമാരക്കാരൻ ഉൾപ്പെടെ 2 പേർ മരിച്ചു. ഷഹ്ദാരയിൽ നടന്ന വെടിവയ്പ്പിൽ 10 വയസ്സുകാരന് പരുക്കേറ്റിട്ടുണ്ട്. ആകാശ് ശർമ്മ, ഇയാളുടെ അനന്തരവൻ ഋഷഭ് ശർമ്മ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ പരുക്കേറ്റ കൃഷ് ശർമ്മ (10) ആശുപത്രിയിൽ ചികിത്സയിലാണ്.
ഷഹ്ദാരയിലെ ഫാർഷ് ബസാറിലുള്ള വീടിന് പുറത്ത് ദീപാവലി ആഘോഷിക്കുകയായിരുന്നു ആകാശ് ശർമ്മയും കുടുംബവും. രാത്രി എട്ടുമണിയോടെ ഇവർക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആയുധധാരികളായ രണ്ടുപേർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്നും കേസിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അക്രമികൾക്കായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.