ഭീകരാക്രമണ ഭീഷണി; ഡൽഹി വിമാനത്താവള പരിസരത്ത് ഡ്രോൺ, പാരാഗ്ലൈഡിങ് നിരോധനം

  1. Home
  2. National

ഭീകരാക്രമണ ഭീഷണി; ഡൽഹി വിമാനത്താവള പരിസരത്ത് ഡ്രോൺ, പാരാഗ്ലൈഡിങ് നിരോധനം

image


ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങളിൽ ഡ്രോൺ, പാരാഗ്ലൈഡിങ് ഉൾപ്പെടെയുള്ളവയ്ക്ക് വിലക്കേർപ്പെടുത്തി പൊലീസ്. ഭീകരാക്രമണ ഭീഷണിയെ തുടർന്നാണ് 60 ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

പാലം സബ് ഡിവിഷൻ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പ്രദീപ് കുമാർ മീണയാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. നവംബർ 18 മുതൽ 2027 ജനുവരി 16 വരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകും.

ഡ്രോൺ, പാരാഗ്ലൈഡിങ് തുടങ്ങിയവ ഉപയോഗിച്ച് വിവിധ ഭീകരസംഘടനകൾ ആക്രമണത്തിന് പദ്ധതിയിടുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി. നിയന്ത്രണ കാലയളവിൽ പൊതുജനങ്ങൾ ഡ്രോണുകളും മറ്റ് നിരോധിത ഉപകരണങ്ങളും ഉപയോഗിക്കരുതെന്ന് പൊലീസ് നിർദേശിച്ചു.

വിലക്ക് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 223-ാം വകുപ്പ് പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.