പാഠപുസ്തക വിവാദം: പ്രധാനമന്ത്രിക്ക് അതൃപ്തി; നടപടിക്ക് നിർദ്ദേശം
എൻസിഇആർടി എട്ടാം ക്ലാസിലെ പാഠപുസ്തക വിവാദത്തിൽ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജുഡീഷ്യറിക്കെതിരായ പരാമർശങ്ങളിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചു. പ്രശ്നം പരിഹരിക്കണമെന്നും വിഷയത്തിൽ ഉത്തരവാദികളെ കണ്ടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.എൻസിഇആർടി എട്ടാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ജുഡീഷ്യറിയിലെ അഴിമതി എന്ന വിവാദഭാഗം ഉൾപ്പെട്ടത്. മാധ്യമവാർത്തകളെത്തുടർന്ന് സ്വമേധയാ കേസ്സെടുത്ത ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിന് കടുത്ത മുന്നറിയിപ്പാണ് നൽകിയത്. സോളിസിറ്റർ ജനറൽ തുഷാർ മേതയ്ക്കൊപ്പം നേരിട്ട് കോടതിയിൽ ഹാജരായ കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ ഐഎഎസ് പുസ്തകം പിൻവലിച്ചെന്നും നിരുപാധികം മാപ്പുപറയുന്നുവെന്നും കോടതിയെ അറിയിച്ചു.
എന്നാൽ മാപ്പാപേക്ഷകൊണ്ട് പ്രശ്നം തീരില്ലെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ആണ് നടന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നീതി ഉറപ്പാക്കാൻ ജുഡീഷ്യറി നടത്തുന്ന സേവനങ്ങളെക്കുറിച്ച് എവിടെയും പറയുന്നില്ല. വിഷയത്തിൽ അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തണം. ജുഡീഷ്യറിക്ക് മുറിവേറ്റെന്നും ഉത്തരവാദികളുടെ തല ഊരുണ്ടേ മതിയാകൂ എന്നും ചീഫ് ജസ്റ്റിസ് ആഞ്ഞടിച്ചു.
